ടെലിഗ്രാം വഴി മയക്കുമരുന്ന് കച്ചവടം: രണ്ട് പേർ പിടിയിൽ

Monday 05 December 2022 1:58 AM IST

കൊച്ചി: ടെലിഗ്രാം ആപ്പിലൂടെ മയക്കുമരുന്ന് വില്പന നടത്തിയിരുന്ന സംഘത്തിലെ മുഖ്യകണ്ണികൾ എക്‌സൈസിന്റെ പിടിയിലായി. കങ്ങരപ്പടി മില്ലുംപടി നാണിമൂല വീട്ടിൽ ബിപിൻ മോഹൻ (32), കോട്ടയം കല്ലറ മുണ്ടാർ പുത്തൻപുരക്കൽ വീട്ടിൽ അജിത്ത് (23) എന്നിവരാണ് എറണാകുളം റേഞ്ച് എക്‌സൈസിന്റെ പിടിയിലായത്. പ്രതികളിൽ നിന്ന് ഏഴ് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

ഇവരിൽ നിന്ന് നിരവധി പേർ മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചതായി സൂചനയുണ്ട്. അന്വേഷണം ഇടപാടുകാരിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. കാക്കനാട് ഒരു ഇടത്തവളമാക്കി വൻതോതിൽ മയക്ക് മരുന്ന് വില്പന നടത്തിവരികയായിരുന്നു സംഘം. വ്യത്യസ്ത ഹോട്ടലുകളിൽ മാറി മാറി താമസിച്ചായിരുന്നു ഇടപാട്. പലരുടെയും പേരിൽ മുറി ബുക്ക് ചെയ്ത് ഒറ്റ ദിവസം മാത്രം താമസിച്ച ശേഷം അടുത്ത സ്ഥലത്തേയ്ക്ക് താമസം മാറുകയും, വ്യത്യസത മൊബൈൽ നമ്പറുകൾ ഉപയോഗിക്കുകയും ചെയ്യുന്നതിനാൽ പ്രതികളെ കണ്ടെത്തുക ദുഷ്‌കരമായിരുന്നു.

തൃക്കാക്കര കങ്ങരപ്പടിയിലുള്ള ഒരു ഹോട്ടലിൽ താമസിച്ച് മയക്ക് മരുന്ന് ഇടപാട് നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിറ്റി മെട്രോ ഷാഡോ സംഘം സ്ഥലത്തെത്തി പ്രതികളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. ഗോവ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലുള്ള സുഹൃത്തുക്കൾ വഴിയാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്.

Advertisement
Advertisement