വർക്ക്‌ഷോപ്പ് ഉടമയെ മർദ്ദിച്ച കേസ്,​ അന്വേഷണം ക്രൈം ബ്രാഞ്ചിന്

Monday 05 December 2022 1:54 AM IST

കൊല്ലം: കല്ലുംതാഴത്ത് വർക്ക് ഷോപ്പ് നടത്തുന്ന ബിജുദേവരാജിനെ ആക്രമിച്ച കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയടക്കം അന്വേഷിക്കാനാണ് നിർദേശം.

ഒക്ടോബർ 27ന് രാത്രി എഴോടെയായിരുന്നു സംഭവം. അറ്റക്കുറ്റപ്പണിക്ക് നൽകിയ കാർ തിരിച്ചെടുക്കാൻ വന്ന യുവാവിനെ പൂട്ടിയിട്ടെന്നാരോപിച്ച് സംഘം ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. കൂട്ടത്തിലുണ്ടായിരുന്ന ഓൺലൈൻ ചാനലുകാരൻ വസ്തുത മറച്ചുവച്ച് അക്രമികൾക്കൊപ്പം ചേരുകയായിരുന്നു. പിന്നീട് സംഭവം വളച്ചൊടിച്ച് പ്രചരിപ്പിച്ചു. തന്നോട് വൈരാഗ്യമുള്ള പ്രവാസി മലയാളി, സ്ഥാപനത്തിലെ മുൻ ജീവനക്കാർ അടക്കമുള്ള ചിലർ ഓൺലൈൻ ചാനലുകാരനുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് ആക്രമണത്തിന് പിന്നിലെന്നും ബിജു ദേവരാജിന്റെ പരാതിയിൽ പറയുന്നു.

സഭവത്തിൽ ഓൺലൈൻ ചാനലുകാരനടക്കമുള്ളവർക്കെതിരെ കിളികൊല്ലൂർ പൊലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ എത്രയും വേഗം അന്വേഷിക്കാനുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. ബിജു ദേവരാജ് അന്വേഷണ സംഘത്തിന് ഇന്ന് മൊഴി നൽകും.

Advertisement
Advertisement