നിർമ്മാണം തുടങ്ങിയിട്ട് 4 വർഷം പാതിവഴിയിൽ ഓടന്തോട് പാലം

Monday 05 December 2022 12:04 AM IST
പണിതീരാത്ത ഓടന്തോട് പാലം

പേരാവൂർ: ആറളം ഫാമിനെ കണിച്ചാർ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഓടന്തോട് കോൺക്രീറ്റ് പാലത്തിന്റെ നിർമ്മാണം തുടങ്ങിയിട്ട് നാലുവർഷത്തോളമായെങ്കിലും പ്രവൃത്തി പാതിവഴിയിൽ ഇഴയുന്നു. 2019 ഫെബ്രുവരിയിൽ ഉദ്ഘാടന വേളയിൽ ഒന്നരവർഷം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. തുടക്കത്തിൽ സമയബന്ധിതമായി പ്രവൃത്തി പുരോഗമിച്ചെങ്കിലും പിന്നീട് മന്ദഗതിയിലാകുകയായിരുന്നു. ഒരു വർഷത്തിലേറെയായി പേരിനു മാത്രമാണ് ഇവിടെ പണികൾ നടക്കുന്നത്.

ഓടന്തോടിൽ നിലവിലുണ്ടായിരുന്ന ചപ്പാത്ത് പൊളിച്ചാണ് പാലം നിർമ്മാണം ആരംഭിച്ചത്. ഇതോടെ ദിവസേന ഇതുവഴി സഞ്ചരിച്ചിരുന്ന നൂറുകണക്കിന് വാഹനങ്ങളുടെ ഓട്ടവും നിലച്ചു. ആറളം ഫാമിന്റെ പുനരധിവാസ മേഖലയിൽ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്കും ഫാമിൽ താമസിക്കുന്ന തൊഴിലാളികൾ, ഏഴാം ബ്ലോക്കിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ, ഫാം സ്‌കൂളിലെ അദ്ധ്യാപകരും ജീവനക്കാരുമുൾപ്പെടെ വലിയൊരു ജനവിഭാഗം യാത്രചെയ്യുന്ന വഴി വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. ചപ്പാത്ത് കടന്ന് ഉപജീവന മാർഗം തേടി ചെറുവാഹനങ്ങളിൽ ഫാമിൽ പോയി മടങ്ങുന്ന ചെത്തുതൊഴിലാളികൾക്ക് ഇപ്പോൾ കാൽനടയായി വളരെ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണ്.

വയനാട്, കൊട്ടിയൂർ ,കേളകം, കണിച്ചാർ, പേരാവൂർ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ ആറളം, കീഴ്പ്പള്ളി ഭാഗങ്ങളിലേക്കും അവിടെയുള്ളവർക്ക് തിരിച്ചും എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയുമായിരുന്ന പാലമാണ് പ്രവൃത്തിയുടെ മെല്ലെപ്പോക്കിൽ മുടങ്ങിക്കിടക്കുന്നത്. ആറളം ഫാമിൽ 38.02 കോടി രൂപയിൽ നബാർഡ് നടപ്പാക്കുന്ന ബൃഹത്തായ പദ്ധതികളുടെ ഭാഗമായാണ് 10 കോടിയോളം രൂപ ചെലവിൽ ഓടന്തോടിലും വളയഞ്ചാലിലും കോൺക്രീറ്റ് പാലങ്ങൾ നിർമ്മിക്കുന്നത്.

വേണം അനുബന്ധ റോ‌ഡ്

പാലം നിർമ്മാണം 95 ശതമാനം പൂർത്തിയായെങ്കിലും അനുബന്ധ റോഡിന്റെ പ്രവൃത്തിയാണ് വൈകുന്നത്. കേവലം രണ്ടാഴ്ചകൊണ്ട് പൂർത്തിയാക്കാവുന്ന പ്രവൃത്തി അനന്തമായി നീളുന്നത്. ആറളം പുനരധിവാസ മേഖലയിൽ താമസിക്കുന്നവർക്ക് ആശ്രയമായ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചേരാനുള്ള എളുപ്പവഴിയാണിത്.

അനുബന്ധ റോഡിന്റെ പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കുന്നതിന് സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

നിലവിൽ സഞ്ചാരയോഗ്യമായിരുന്ന ചപ്പാത്ത് പൊളിച്ചാണ് പാലം നിർമ്മാണം തുടങ്ങിയത്. നാനൂറോളം വാഹനങ്ങൾ ദിവസേന ഇതുവഴി സഞ്ചരിച്ചിരുന്നതാണ്. എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കി പാലം സഞ്ചാരയോഗ്യമാക്കി ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കണം.

നിഷാദ് ഓടന്തോട്, പ്രദേശവാസി

Advertisement
Advertisement