പോക്സോ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ
മലയിൻകീഴ്: പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ മലയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഫേസ് ബുക്ക് പരിചയത്തിലൂടെ കൊടുങ്ങലൂർ സ്വദേശി പ്രണയം നടിച്ച് വശത്താക്കി പെൺകുട്ടിയുമായി കടന്ന് കളയാൻ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇവരെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസ് പിടികൂടിയത്.
ഈ കുട്ടി ബാഗും തുണികളുമായി വീട്ടിൽ നിന്ന് ഇറങ്ങിയത് പെൺകുട്ടിയുടെ സഹോദരൻ കണ്ടിരുന്നു. സംഭവം മാതാവിനോട് പറയുകയും പഞ്ചായത്ത് അംഗം പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് നടത്തിയ തിരച്ചിലിലാണ് പിടിയിലാകുന്നത്.
പ്രാഥമിക ചോദ്യം ചെയ്യലിൽ ഒൻപത് പേർ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞതായാണ് വിവരം. അടുത്തിടെ പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്ന രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് ഒൻപതാം ക്ലാസിൽ തോറ്റതിനെ തുടർന്ന് പെൺകുട്ടി വീട്ടിലിരുന്നാണ് പഠനം തുടരുന്നത്. ഫേസ് ബുക്ക് പരിചയം കെണിയായി തീരുകയായിരുന്നു. പിടിയിലായവരിൽ രണ്ട് പേർ വിളവൂർക്കൽ സ്വദേശികളാണ്. ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. പൊലീസ് ഇതുവരെ സംഭവം പുറത്ത് വിട്ടിട്ടില്ല.