മരിയുപോളിൽ റഷ്യ കൂറ്റൻ സൈനിക താവളം നിർമ്മിക്കുന്നു

Monday 05 December 2022 5:06 AM IST

കീവ് : കിഴക്കൻ യുക്രെയിനിലെ തുറമുഖ നഗരമായ മരിയുപോളിൽ റഷ്യ കൂറ്റൻ സൈനിക താവളം നിർമ്മിക്കുന്നതായി റിപ്പോർട്ട്. നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലാണ് കരിങ്കടൽ തീരത്ത് സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ മരിയുപോൾ നഗരം. അമേരിക്കൻ കമ്പനിയായ മാക്സർ ടെക്നോളജീസ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ നഗര മദ്ധ്യത്തിൽ നിർമ്മാണം പുരോഗമിക്കുന്ന കൂറ്റൻ സൈനിക താവളം കാണാം. റഷ്യൻ സൈന്യത്തിന്റെ ചുവപ്പ്, വെള്ള, നീല നിറത്തിലെ നക്ഷത്ര ചിഹ്നം കൂറ്റൻ കെട്ടിടത്തിന്റെ മേൽക്കൂരയിൽ കാണാം. ' മരിയുപോളിലെ ജനങ്ങൾക്കായി റഷ്യൻ സൈന്യത്തിന്റേത് " എന്ന വാചകവും കെട്ടിടത്തിന്റെ മുകൾഭാഗത്ത് വലുതായി എഴുതിയിട്ടുണ്ട്. നിലവിൽ ഇവിടം ആയുധ ശേഖരണ കേന്ദ്രമായി ഉപയോഗിക്കുകയാണെന്ന് കരുതുന്നു. അതേ സമയം, പോരാട്ടത്തിന്റെ ആദ്യ നാളുകളിൽ വിനാശകരമായ ദുരിതമാണ് മരിയുപോൾ ജനത നേരിട്ടത്. നിരവധി പേർ ഇവിടെ കൊല്ലപ്പെട്ടു. മരിയുപോളിന്റെ പടിഞ്ഞാറൻ ഭാഗത്തുണ്ടായിരുന്ന സ്റ്റാറോക്രൈംസ്കീ സെമിത്തേരി ഗണ്യമായി വികസിച്ചതായും ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. മരിയുപോളിൽ 25,000 സാധാരണക്കാരെങ്കിലും മരിച്ചിരിക്കാമെന്നാണ് യുക്രെയിന്റെ കണക്കുകൂട്ടൽ. 1,300 മരണങ്ങളാണ് ഐക്യരാഷ്ട്ര സംഘടനയ്ക്ക് ( യു.എൻ ) സ്ഥിരീകരിക്കാനായത്. എന്നാൽ ശരിക്കും ഇത് ആയിരക്കണക്കിന് ആകാമെന്ന് യു.എൻ വ്യക്തമാക്കിയിരുന്നു. ക്രൈമിയയേയും റഷ്യയേയും ബന്ധിപ്പിക്കുന്ന കര ഇടനാഴിയുടെ ഭാഗമെന്നതിനാൽ മരിയുപോൾ റഷ്യൻ സൈന്യത്തിന് ഏറെ തന്ത്രപ്രധാനമാണ്.

Advertisement
Advertisement