മിക്കിയെ സമ്മാനിച്ച ഡിസ്നി

Monday 05 December 2022 5:07 AM IST

ലോസ്ആഞ്ചലസ് : മിക്കി മൗസ്... 1928ൽ ' സ്റ്റീം ബോട്ട് വില്ലി"യെന്ന ആനിമേറ്റഡ് ഷോർട്ട് ഫിലിമിലൂടെ ലോകമെമ്പാടുമുള്ള കുട്ടികളുടെയും മുതിർന്നവരുടെയും ഹൃദയം കവർന്ന എലിക്കുട്ടൻ. വാൾട്ട് ഡിസ്നിയെന്ന അമേരിക്കൻ ആനിമേറ്ററുടെ ഭാവനയിൽ വിരിഞ്ഞ മിക്കി മൗസും ഡൊണാൾഡ് ഡക്കും ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ കാലമെത്ര പിന്നിട്ടാലും ലോകത്തിന്റെ പ്രിയപ്പെട്ടവരാണ്. ആനിമേഷൻ ലോകത്ത് സുവർണ കാലഘട്ടം തീർത്ത ഡിസ്നിയുടെ 121ാം ജന്മവാർഷികമാണ് ഇന്ന്. 1901 ഡിസംബർ 5ന് ഷിക്കാഗോയിലായിരുന്നു ഡിസ്നിയുടെ ജനനം.

കാർട്ടൂണുകളിലൂടെയും സിനിമാ നിർമ്മാണത്തിലൂടെയും മായാജാലം സൃഷ്ടിച്ച ഡിസ്നി 22 ഓസ്കാറും 59 നോമിനേഷനുകളുമാണ് സ്വന്തമാക്കിയത്. ഓസ്കാറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങളും നോമിനേഷനുകളും നേടിയ വ്യക്തിയെന്ന റെക്കോഡ് ഡിസ്നിക്കാണ്. കുട്ടിക്കാലത്ത് ചിത്ര രചനയിലൂടെ ആരംഭിച്ച് സ്നോവൈറ്റ് ആൻഡ് ദ സെവൻ ഡ്വാർഫ്സ്,​ പിനോക്യോ, ഡംബോ, ബാംബി തുടങ്ങിയ എക്കാലത്തെയും മികച്ച ആനിമേഷൻ ചിത്രങ്ങൾ നിർമ്മിച്ച് ഏവരെയും വിസ്മയിപ്പിച്ച ഡിസ്നിയുടെ ജീവിതം ഏവർക്കും പ്രചോദനകരമാണ്.

1937 മുതൽ സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് വാൾട്ട് ഡിസ്നിയുടെ രാജകുമാരിമാരുടെ കഥകൾ. മിക്കി മൗസ്, ഡൊണാൾഡ് ഡക്ക്, ലയൺ കിംഗ്, ടോഡ് ആൻഡ് കോപ്പർ ഇങ്ങനെ എണ്ണമറ്റ ഡ‌ിസ്നി സൃഷ്ടികൾക്കൊപ്പം തന്നെ കുട്ടികളുടെയും മുതിർന്നവരുടെയും മനസ് കീഴടക്കിയതാണ് നാടോടിക്കഥകളിൽ നിന്നും ഉത്ഭവിച്ച സിൻഡെറല്ല, സ്നോവൈറ്റ്, ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ് തുടങ്ങിയ കഥകളിലെ രാജകുമാരിമാരും.

ലോകത്തെ ഏറ്റവും സന്തോഷകരമായ ഇടങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാലിഫോർണിയയിലെ ഡിസ്നിലാൻഡ് തീംപാർക്ക് ഉൾപ്പെടെ ഡിസ്നി തുടങ്ങിവച്ച അമ്യൂസ്മെന്റ് പാർക്ക് വ്യവസായവും അദ്ദേഹത്തെ അനശ്വരനാക്കി തീർക്കുന്നു. 1966 ഡിസംബർ 15ന് 65ാം വയസിലാണ് ഡിസ്നി വിടവാങ്ങിയത്. കാലിഫോർണിയയിലെ ഫോറസ്റ്റ് ലോൺ സെമിത്തേരിയിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.

Advertisement
Advertisement