പീഡനത്തിനിരയായ യുവതിയെ സി ഐയുടെ ഭാര്യയും മകളും മർദിച്ചു; ദേഹോപദ്രവം ഏൽപ്പിച്ചത് പരാതി പറയാൻ വീട്ടിലെത്തിയപ്പോൾ

Monday 05 December 2022 7:07 AM IST

നെടുമങ്ങാട്: രണ്ടു സ്ത്രീകളെ പീഡിപ്പിച്ച കേസിലെ പ്രതിയായ കൊച്ചി കൺട്രോൾ റൂം മുൻ സി.ഐ എ.വി. സൈജുവിന്റെ ഭാര്യയ്ക്കും മകൾക്കുമെതിരെ ഇരയെ ദേഹോപദ്രവം ഏൽപ്പിച്ചതിന് നെടുമങ്ങാട് പൊലീസ് കേസെടുത്തു. പരാതി പറയാൻ എത്തിയപ്പോഴാണ് പീഡനത്തിന് ഇരയായ യുവതിയെ സി.ഐയുടെ വീട്ടിൽവച്ച് ഭാര്യയും മകളും ചേർന്ന് മർദ്ദിച്ചത്.

കഴിഞ്ഞമാസം 28ന് രാത്രി 8.30ന് ആയിരുന്നു സംഭവം.29ന് നെടുമങ്ങാട് പൊലീസ് യുവതിയുടെ പരാതിയിൽ സി.ഐക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നെടുമങ്ങാട് സ്വദേശിയാണ് യുവതി. സി.ഐയുടെ മകളെ ഉപദ്രവിച്ച കേസിൽ പീഡനത്തിന് ഇരയായ യുവതിക്കും ഭർത്താവിനുമെതിരെയും നേരത്തെ കേസ് എടുത്തിരുന്നു.

സി.ഐക്കെതിരെ കേസെടുത്തതോടെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാൻ പൊലീസിനായിട്ടില്ല.