ലഗേജ് കാണാനില്ല! ഇൻഡിഗോ രാജ്യത്തിലെ ഏറ്റവും മോശം എയർലൈനെന്ന് നടൻ റാണ ദഗ്ഗുബതി

Monday 05 December 2022 11:27 AM IST

ന്യൂ‌ഡൽഹി: ഇൻഡിഗോ വിമാന സർവീസിനെതിരെ രൂക്ഷ വിമർശവുമായി നടൻ റാണ ദഗ്ഗുബതി രംഗത്ത്. രാജ്യത്തെ ഏറ്റവും മോശമായ എയർലൈൻ അനുഭവം എന്നാണ് താരം വിമാനസർവീസിനെക്കുറിച്ച് പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു വിമർശനം.

'വിമാനത്തിന്റെ സമയത്തെ കുറിച്ച് ഇൻഡിഗോയ്ക്ക് ഒന്നും അറിയില്ല. ലഗേജ് കാണാതായിട്ടും അത് ട്രാക്ക് ചെയ്യാനുള്ള സംവിധാനം പോലുമില്ല. ഇൻഡിഗോയുടെ ജീവനക്കാരോട് ചോദിച്ചാൽ അവർക്കും ഇതേക്കുറിച്ച് യാതൊരു അറിവുമില്ല.'- നടൻ ട്വിറ്ററിൽ കുറിച്ചു.

ട്വീറ്റ് വൈറലായതോടെ ഇൻഡിഗോയും വിഷയത്തിൽ പ്രതികരണവുമായി എത്തി. അദ്ദേഹത്തിന് നേരിടേണ്ടി വന്ന എല്ലാ പ്രശ്നങ്ങൾക്കും ക്ഷമ ചോദിക്കുന്നുവെന്നും. ലഗേജ് എത്രയും പെട്ടെന്ന് എത്തിക്കുമെന്നും ഇൻഡിഗോ അധികൃതർ വ്യക്തമാക്കി.

അതേസമയം, സമാനമായ അനുഭവങ്ങൾ തങ്ങൾക്കും സംഭവിച്ചതായി നിരവധി പേരാണ് താരത്തിന്റെ ട്വീറ്റിന് താഴെ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. തെന്നിന്ത്യൻ താരം പൂജ ഹെഗ്ഡെയും നേരത്തേ ഇൻഡിഗോയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ജീവനക്കാരുടെ പെരുമാറ്റം വളരെ മോശമായിരുന്നു എന്നായിരുന്നു താരത്തിന്റെ ആരോപണം. നടിയോടും ഇൻഡിഗോ അധികൃതർ മാപ്പ് പറഞ്ഞിരുന്നു.