'ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്'; 'ഗോൾഡ്' വിമ‌ർശനങ്ങൾക്കെതിരെ അൽഫോൻസ്

Monday 05 December 2022 3:48 PM IST

നേരം, പ്രേമം എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത സിനിമയാണ് 'ഗോൾ‌ഡ്. ' സിനിമ തിയേറ്ററുകളിൽ എത്തിയതിനും പിന്നാലെ സിനിമയ്ക്കെതിരെ വിമ‌‌ർശനങ്ങളും നെഗറ്റീവ് റിവ്യൂകളും വന്നു. ഇതിനെതിരെ പ്രതികരിച്ച് പുതിയ പോസ്റ്റുമായി രംഗത്ത് എത്തിയിക്കുകയാണ് അൽഫോൻസ് പുത്രൻ.

അൽഫോൻസ് പുത്രന്റെ പോസ്റ്റ്

ഗോൾഡിനെ കുറിച്ചൊള്ള .... നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം. കൊറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേൾക്കാം. അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ....എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതന്നവർക്കു.

ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം !!! കടുപ്പം കൂടിയോ കുറഞ്ഞോ ? വെള്ളം കൂടിയോ കുറഞ്ഞോ ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ , കരിഞ്ഞോ ? മധുരം കൂടി, മധുരം കുറഞ്ഞു... എന്ന് പറഞ്ഞാൽ ചായ ഇണ്ടാക്കുന്ന ആൾക്ക് അടുത്ത ചായ ഇണ്ടാക്കുമ്പോൾ ഉപകരിക്കും. അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല് വെക്കാൻ കൊള്ളാത്ത ചായ എന്ന് പറഞ്ഞ...നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ടു രണ്ടു പേർക്കും ഉപയോഗം ഇല്ല. നേരം 2 , പ്രേമം 2 എന്നല്ല ഞാൻ ഈ സിനിമയ്ക്കു പേരിട്ടത്...ഗോൾഡ് എന്നാണു. ഞാനും , ഈ സിനിമയിൽ പ്രവർത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ ... ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്.

NOTE * ഗോൾഡ് അങ്ങനെ എടുക്കാമായിരുന്നു...ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത് . കാരണം...ഞാനും ഗോൾഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്...നേരത്തെ ഗോൾഡ് ചെയ്തു ശീലം ഉണ്ടെങ്കിൽ നിങ്ങൾ പറയുന്നത് ശെരിയാണ്.

എന്ന് നിങ്ങളുടെ സ്വന്തം അൽഫോൻസ് പുത്രൻ. !!!!!

പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരണങ്ങൾ അറിയിക്കുന്നത്. അതിനും അൽഫോൻസ് മറുപടി കൊടുക്കുന്നുണ്ട്. അൽഫോൻസ് സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകൻ. ലേ‌ഡി സൂപ്പർസ്റ്റാർ നയൻതാരയാണ് നായിക. ബാബുരാജ്,​ ലാലു അലക്സ്,​ ഷമ്മി തിലകൻ,​ വിനയ് ഫോർട്ട്,​ സൈജു കുറുപ്പ്,​ ഷറഫുദ്ദീൻ,​ അജ്മൽ അമീർ,​ ശബരീഷ് വർമ്മ,​ അബു സലം,​ ചെമ്പൻ വിനോദ്. ദീപ്തി സതി,​ ജഗദീഷ്,​ സുരേഷ് കൃഷ്ണ,​ ശാന്തി കൃഷ്ണ,​ അൽത്താഫ്,​ പ്രേംകുമാർ,​ മല്ലിക സുകുമാരൻ തുടങ്ങി വൻതാരനിര ചിത്രത്തിൽ ഉണ്ട്.