നേമത്ത് യുവതിയെ മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തിത്തീർത്തു; ഒമ്പത് വർഷത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ

Monday 05 December 2022 5:36 PM IST

തിരുവനന്തപുരം: ഒമ്പത് വർഷം മുമ്പ് നടന്ന യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. തിരുവനന്തപുരം നേമം സ്വദേശിനി അശ്വതിയായിരുന്നു കൊല്ലപ്പെട്ടത്. ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം. സംഭവത്തിൽ അശ്വതിയുടെ ഭർത്താവ് രതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ഒമ്പത് വർഷം മുമ്പ് ഭർത്താവിന്റെ വീട്ടിലാണ് അശ്വതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. രതീഷിന്റെ കയ്യിൽ പൊള്ളലുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറും ഫോറൻസിക് വിദഗ്ധരും സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റു എന്നാണ് രതീഷ് മൊഴി നൽകിയത്. തുടർന്ന് അശ്വതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. പഴയ ഫയലുകൾ പരിശോധിക്കുകയും ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ വീണ്ടും പരിശോധന നടത്തുകയും ചെയ്ത ശേഷം രതീഷിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്. അശ്വതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മൊഴി. അതിനിടെയാണ് തനിക്കും പൊള്ളലേറ്റതെന്ന് രതീഷ് സമ്മതിച്ചു.