കോടികൾ മുടക്കിയതു മിച്ചം. ഒന്നും കാണുന്നില്ല, എ ഐ കാമറകൾ‌‌!

Tuesday 06 December 2022 12:00 AM IST

കോട്ടയം. റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ജില്ലയിലെ നിരത്തുകളിൽ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കാമറകൾ നോക്കുകുത്തിയായി. വിവിധയിടങ്ങളിൽ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ ഉണ്ടാകുമ്പോഴും വാഹനങ്ങളുടെ അമിതവേഗതയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി സ്ഥാപിച്ച കാമറകളുടെ പ്രവർത്തനം വൈകുകയാണ്.

ഉദ്യോഗസ്ഥ സഹായമില്ലാതെ, നിയമലംഘനം കണ്ടെത്തുന്നവയാണ് എ.ഐ കാമറകൾ. കഴിഞ്ഞ ഏപ്രിലിലാണ് ജില്ലയിൽ 44 ഇടങ്ങളിലായി ഇവ സ്ഥാപിച്ചത്. നാളിതുവരെയായിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഹെൽമറ്റും സീറ്റ് ബെൽറ്റും ഇല്ലാതെയുള്ള യാത്ര, ഇരുചക്ര വാഹനങ്ങളിൽ രണ്ടിൽ കൂടുതൽ പേരുടെ യാത്ര, അമിത വേഗം, ലൈസൻസ് ഇല്ലാതെയുള്ള യാത്ര, തെറ്റായ ദിശയിലൂടെ യാത്ര തുടങ്ങിയ കുറ്റങ്ങൾ കാമറയിൽ കണ്ടെത്തി പിഴ ഈടാക്കാനാവുമായിരുന്നു. വഴിയിൽ തടഞ്ഞുനിറുത്തിയുള്ള പരിശോധനയ്ക്ക് അറുതി വരുത്താനും കാമറ വഴി കഴിയുമായിരുന്നു.

സംസ്ഥാനത്തെ എല്ലാ ജില്ലയിലെയും എൻഫോഴ്‌സമെന്റ് ആർ.ടി.ഒ ഓഫീസിലെ കൺട്രോൾ റൂമിലാണ് ഇവയുടെ പ്രവർത്തനം ഏകോപിപ്പിച്ചിരുന്നത്. കെൽട്രോണാണ് സാങ്കേതിക സഹായം. എന്നാൽ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ഓഫീസ് കൺട്രോൾ റൂമിൽ ഇതിനാവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടില്ല.

കൺട്രോൾ റൂമിൽ നിന്ന് അതത് സ്റ്റേഷനിലെ ട്രാഫിക്ക് യൂണിറ്റിന് വിവരങ്ങൾ കൈമാറുകയാണ് വേണ്ടത്. കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സഹിതമാണ് ഓരോ പൊലീസ് സ്റ്റേഷനിലേയ്ക്കും വിവരങ്ങൾ എത്തുക. തുടർന്ന്, വാഹന ഉടമകളുടെ അഡ്രസിലേക്ക് വിവരങ്ങൾ അടങ്ങിയ പോസ്റ്റ് കാർഡ് ട്രാഫിക്ക് പൊലീസ് യൂണിറ്റ് അയയ്ക്കും. എഴ് ദിവസത്തിനകം ഓൺലൈൻ മുഖേനയോ, പൊലീസ് സ്റ്റേഷനിൽ എത്തിയോ പിഴ അടയ്ക്കാം. വീഴ്ച വന്നാൽ കേസ് കോടതിക്ക് കൈമാറും.

കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പറയുന്നു.


"സർക്കാരിൽ നിന്ന് പ്രവർത്തനാനുമതി ലഭിക്കാൻ വൈകുന്നതാണ് കാമറയുടെ പ്രവർത്തനത്തിന് തടസം. എന്നുലഭിക്കുമെന്ന് അറിയില്ല. നിലവിൽ സാധാരണ വാഹനപരിശോധനകളാണ് നടക്കുന്നത്".

Advertisement
Advertisement