വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവരെ ലക്ഷ്യമിട്ട് വിദേശരാജ്യങ്ങളിലേയ്ക്ക് മനുഷ്യക്കടത്ത്, ആറുലക്ഷംവരെ പണം തട്ടിയവർ പിടിയിൽ

Monday 05 December 2022 6:01 PM IST

കൊച്ചി: വ്യാജ വിസ നൽകി വിദേശരാജ്യങ്ങളിലേയ്ക്ക് മനുഷ്യക്കടത്ത് നടത്തിവന്നിരുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. സ്‌പെയിനിലേയ്ക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കും വ്യാജ വിസ നൽകി ആളുകളെ കടത്തിയിരുന്ന കാസർകോട് ആലക്കോട് കുന്നേൽ ജോബിൻ മൈക്കിൾ (35), പാലക്കാട് കിനാവല്ലൂർ മടമ്പത്ത് പൃഥ്വിരാജ് കുമാർ (47) എന്നിവരെ എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്.

ഇവർ നൽകിയ വ്യാജവിസയുമായി യാത്ര ചെയ്ത ആലുവ സ്വദേശിനി അനീഷ, കണ്ണൂർ സ്വദേശി വിജീഷ്, ആലപ്പുഴ സ്വദേശി ഷിബിൻ ബാബു എന്നിവരെ സ്‌പെയിനിൽ പിടികൂടി ഇന്ത്യയിലേയ്ക്ക് കയറ്റിവിട്ടിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ഇവരെ എമിഗ്രേഷൻ വിഭാഗം പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാവുന്നത്.

പ്ളസ്‌ടു വിദ്യാഭ്യാസ യോഗ്യത മാത്രമുള്ളവരാണ് തട്ടിപ്പിനിരയായത്. വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവർക്ക് യൂറോപ്യൻ രാജ്യങ്ങളിൽ വർക്ക് വിസ ലഭിക്കാൻ സാദ്ധ്യത ഇല്ലെന്നിരിക്കെയാണ് ഇവരെ പറ്റിച്ച് പ്രതികൾ പണം തട്ടിയത്. വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവർക്ക് വ്യാജവിസ സംഘടിപ്പിച്ചു നൽകി യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് കയറ്റി വിടുന്നതാണ് പ്രതികളുടെ പതിവ്. ‌ആറുലക്ഷം രൂപവരെയാണ് തട്ടിപ്പിനിരയായവർ പ്രതികൾക്ക് നൽകിയത്. വ്യാജവിസയാണെന്ന് അറിയാതെ സ്‌പെയിനിലേയ്ക്ക് ഇറങ്ങാൻ ശ്രമിച്ച ഇവരെ അധികൃതർ പിടികൂടി തിരിച്ചുകയറ്റിവിടുകയായിരുന്നു.