വഞ്ചിയൂർ വിഷ്ണു കൊലക്കേസ്; ആർഎസ്എസ് പ്രവർത്തകരായ പ്രതികള വിട്ടയച്ച വിധിയ്ക്കെതിരായ സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി തള്ളി

Monday 05 December 2022 6:39 PM IST

തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവായ വഞ്ചിയൂർ വിഷ്ണു കൊലക്കേസിൽ സംസ്ഥാന സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി തള്ളി. കേസിലെ പ്രതികളെ വിട്ടയച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്തുകൊണ്ട് സർക്കാർ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് തള്ളിയത്.

2008 ഏപ്രിൽ ഒന്നിന് സിപിഎം പ്രവർത്തകനായ വിഷ്ണുവിനെ കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 13 പ്രതികളെയും ഹൈക്കോടതി വിട്ടയച്ചിരുന്നു. കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. കേസിലെ 11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും പതിനഞ്ചാം പ്രതിയ്ക്ക് ജീവപര്യന്തവും പതിനൊന്നാം പ്രതിയ്ക്ക് മൂന്ന് വർഷം തടവുശിക്ഷയുമാണ് കോടതി വിധിച്ചത്. സെഷൻസ് കോടതിയുടെ ശിക്ഷാ വിധി ചോദ്യം ചെയ്ത് പ്രതികൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ച ഹൈക്കോടതി പ്രതികളെ വെറുതെ വിടാൻ ഉത്തരവിടുകയായിരുന്നു.

ഹൈക്കോടതി വിധിയ്ക്ക് എതിരെ നൽകിയ ഹർജിയിൽ കേസിലെ ദൃക്സാക്ഷികളെയടക്കം കണക്കിലെടുത്തില്ല എന്ന് സർക്കാർ വാദിച്ചിരുന്നു. എന്നാൽ കേസിലെ പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകൾ പ്രോസിക്യൂഷന് നിരത്താനായില്ല എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. 2022 ജൂലൈ 12 നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസിലെ 13 പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് വെറുതെ വിട്ടത്.