ഇന്ത്യയിൽ താമസിക്കുന്നവർ ഭാരത സംസ്കാരത്തിന് അനുസരിച്ച് പ്രവർത്തിക്കണം, നിർബന്ധിത മതപരിവർത്തനം ഭരണഘടനയ്ക്ക് എതിരെന്ന് സുപ്രീംകോടതി

Monday 05 December 2022 6:43 PM IST

ന്യൂഡൽഹി : നിർബന്ധിത മതപരിവർത്തനം ഭരണഘടനയ്ക്ക് എതിരെന്ന് സുപ്രീംകോടതി. നിർബന്ധപൂർവ്വവും പ്രലോഭിപ്പിച്ചുമുള്ള മതപരിവർത്തനം തടയാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ പരാമർശം നടത്തിയത്. ഗൗരവകരമായ വിഷയമാണ് ഇതെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ എം.ആർ. ഷായും സി.ടി. രവികുമാറും അഭിപ്രായപ്പെട്ടു.

മതപരിവർത്തനത്തെ കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാനങ്ങളിൽ നിന്ന് തേടിക്കൊണ്ടിരിക്കുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വിശദമായ സത്യവാങ്‌മൂലം നൽകുന്നതിന് കൂടുതൽ സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരമൊരു ഹർജി നിലനിൽക്കുന്നതല്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ അത്തരം സാങ്കേതികതയിലേക്ക് പോകേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ഇത് ഗൗരവമേറിയ വിഷയമാണ്. ഭരണഘടനയ്ക്ക് എതിരാണ്. പ്രശ്നത്തിന് പരിഹാരം കാണാനാണ് കോടതി ശ്രമിക്കുന്നതെന്നും ജസ്റ്റിസുമാർ വ്യക്തമാക്കി. ഇന്ത്യയിൽ താമസിക്കുന്നവർ ഇന്ത്യൻ സംസ്കാരം അനുസരിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

Advertisement
Advertisement