ഈ ആൽത്തണലിലുണ്ട് ഇന്ത്യൻ ഫുട്ബാളിന്റെ ഭാവി

Monday 05 December 2022 10:17 PM IST
ആലുംവളപ്പിൽ സുഭാഷ് ഫുട്ബാൾ അക്കാഡമിയിലെ കുട്ടികൾ പരിശീലനത്തിൽ

തൃക്കരിപ്പൂർ:ക്ഷേത്രത്തോട് ചേർന്ന് പടർന്നുപന്തലിച്ച നാല് ആൽമരങ്ങൾക്കിടയിൽ നാലേക്കർ പറമ്പ്. ഒരു ഭാഗത്തൂടെ കടന്നുപോകുന്ന റോഡ്. ഉള്ള സൗകര്യം കുറക്കുന്ന വൈദ്യുതിലൈൻ. ഈ പരിമിതികൾക്കുള്ളിൽ നൂറോളം കുട്ടികൾ ഫുട്ബാളുമായി കഠിന പരിശീലനത്തിലാണ് ഇവിടെ.തൃക്കരിപ്പൂർ എട്ടാട്ടുമ്മൽ ആലുംവളപ്പ് മൈതാനത്തിന്റെ ചിത്രമാണിത്.

രാജ്യത്തിനും സംസ്ഥാനത്തിനും വിവിധ പ്രൊഫഷണൽ ടീമുകൾക്കുമടക്കം ബൂട്ടുകെട്ടുന്ന ഒരു പിടി താരങ്ങൾ വളർന്നത് ആലുംവളപ്പിൽ പന്തുതട്ടിയാണെന്ന് കൂടി അറിയണം. ഒരു വർഷം മികച്ച ഒരു കളിക്കാരനെങ്കിലും ഇവിടെ നിന്ന് പുറത്തെത്തുന്നുണ്ടെന്ന് സന്തോഷ് ട്രോഫി കേരള ടീമിന്റെ ക്യാമ്പിൽ ഇടം നേടിയ യു.ജ്യോതിഷിനെ ചൂണ്ടി കളിപ്രേമികൾ പറയും.

അന്തരിച്ച പയ്യക്കാൽ ഭഗവതി ക്ഷേത്രം സ്ഥാനികൻ ടി.ബാലനെന്ന കേരള പൊലീസിന്റെ സൂപ്പർ സ്ട്രൈക്കറിൽ നിന്ന് തുടങ്ങുന്നു ആലുംവളപ്പിലെ താരനിര . കെൽട്രോൺ ഗോൾകീപ്പർ സി.തമ്പാൻ, പൊലീസ് താരവും കോച്ചുമായ പി.കുഞ്ഞികൃഷ്ണൻ,മുൻ ഇന്ത്യൻതാരം എം.സുരേഷ്, സന്തോഷ് ട്രോഫി താരങ്ങളായ ടി.വി.ബിജുകുമാർ ,നജേഷ്, സജേഷ് ,മുൻ കേരള ക്യാപ്റ്റൻ ടി.സജിത്, സർവ്വീസസ് താരം പി.ജയ്ൻ, വാസ്കോ ഗോവയുടെ എം.സുധീഷ് എന്നിവരിൽ ഒതുങ്ങുന്നതല്ല ഈ പേരുകൾ.

സുഭാഷ് ഫുട്ബോൾ അക്കാഡമി

പഴംതുണി പന്തിലാണ് ഇവിടെ കളി തുടങ്ങിയതെന്ന് പഴയതലമുറ പറയും. സുഭാഷ് സ്പോർട്സ് ക്ലബ്ലിന്റെ രൂപീകരണത്തോടെ സി. കുഞ്ഞിരാമൻ , മുട്ടത്തമ്പു എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം ചിട്ടയിലായി.സ്കൂൾ അവധിക്കാലത്ത് മുടങ്ങാതെ കോച്ചിംഗ് ക്യാമ്പ് ഇതിലൊന്നായിരുന്നു. എം.ആർ.സി.കൃഷ്ണനെന്ന കോച്ചിന്റെ പ്രയത്നവും എടുത്തുപറയണം. റെഡ് സ്റ്റാർ , എം.ആർ.സി.എഫ് സി. എന്നീ ക്ലബ്ബുകളും കൂടിയായതോടെ എട്ടാട്ടുമ്മൽ ഫുട്ബാൾ ഗ്രാമമായി മാറി. ഇന്ന് നൂറോളം കുട്ടികൾ ഇവിടത്തെ അക്കാഡമിയിൽ പരിശീലനം തേടുന്നുണ്ട്. പ്രസിഡന്റ് പി.രാജൻ പണിക്കർ, സെക്രട്ടറി എം.വി.അശോകൻ , ടെക്നികൽ ഡയറക്ടർ വി.വി.കൃഷ്ണൻ എന്നിവരാണ് അക്കാഡമിയെ നയിക്കുന്നത് . ടി.ദാമോദരൻ പണിക്കർ,കെ.ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് അക്കാഡമിയുടെ പ്രവർത്തനം.

പന്തുതട്ടി വനിതകളും

അന്തരിച്ച കായികാദ്ധ്യാപകൻ എ.രാമകൃഷ്ണന്റെ ശിക്ഷണത്തിൽ 1980ൽ തന്നെ ഒരു വനിതാ ഫുട്ബോൾ ടീമിന് ഇവിടെ രൂപം നൽകിയതും വിപ്ളവമായി . കേരളത്തിന്റെ കുപ്പായമണിഞ്ഞ കെ.വി.ചന്ദ്രമതിയും പി.പി.ശാന്തയുമടങ്ങുന്ന പത്തോളം പേരാണ് ഇതിലൂടെ ശ്രദ്ധ നേടിയത്.

Advertisement
Advertisement