അഴീക്കലിൽ ചരക്ക് കിട്ടാനില്ല: മുങ്ങുമോ ഉരു സർവീസ്

Monday 05 December 2022 10:31 PM IST

അഴീക്കോട്: ഏറെ കൊട്ടിഘോഷിച്ച് അഴീക്കൽ തുറമുഖത്ത് തുടക്കം കുറിച്ച ഉരു സർവ്വീസ് ഉരുപ്പടികൾ കിട്ടാത്തതു കാരണം അനിശ്ചിതത്തിലാകുമെന്ന് ആശങ്ക. ലക്ഷദ്വീപിലേക്ക് ആവശ്യമായ നിർമ്മാണ സാമഗ്രികൾ ലഭിക്കാതായതോടെയാണ് സർവിസിനെ ബാധിക്കുന്നത്.

അഴീക്കൽ തുറമുഖത്തു നിന്ന് ലക്ഷ്വദ്വീപിലേക്ക് സ്ഥിരം ചരക്കുനീക്കം നടത്താൻ ലക്ഷ്യമിട്ടാണ് ഉരുസർവ്വീസ് തുടങ്ങിയത്.വർഷങ്ങൾക്ക് മുമ്പ് അഴീക്കലിൽ നിന്നും ലക്ഷദ്വീപിലേക്ക് ഉരു ഉപയോഗിച്ച് ചരക്ക് നീക്കം നടത്തിയിരുന്നു. ഇതാണ് കെ.വി സുമേഷ് എം.എൽ.എയുടെ ഇടപെടലിലൂടെ പുനരാരംഭിച്ചത്. നിർമ്മാണ സമഗ്രികളായ കല്ല്, ജില്ലി, കമ്പി, സിമന്റ് തുടങ്ങിയവയാണ് പ്രധാനമായും കൊണ്ടുപോയിരുന്നത്. തിരിച്ച് തേങ്ങ, കൊപ്ര, ഉണക്ക മീൻ എന്നിവയും കടത്തിയതാണ്. മൂന്ന് കിലോമീറ്റർ അകലെ റെയിൽവേ സ്റ്റേഷനും വളപട്ടണത്ത് സിമന്റ് കമ്പനി ഗോഡൗണും ഉള്ളതിനാൽ ചരക്ക് നീക്കത്തിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുമെന്നായിരുന്നു തുറമുഖ വകുപ്പിന്റെ വിലയിരുത്തൽ. നിലവിൽ ബേപ്പൂർ, മംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ദ്വീപിലേക്ക് സാധനങ്ങൾ എത്തിക്കുന്നത്. മംഗളൂരുവിനെ അപേക്ഷിച്ച് ദൂരം കുറവായതിൽ അഴീക്കലിൽ നിന്നുള്ള ചരക്ക് നീക്കത്തിന് ചെലവ് കുറയുമെന്നായിരുന്നു അധികൃതരുടെ നിഗമനം.ഇതിന്റെ ഗുണം ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും ലഭിക്കുമായിരുന്നു. ബേപ്പൂരിൽ നിന്നുള്ള അതേ ദൂരമാണ് അഴീക്കലിൽ നിന്നും ലക്ഷദ്വീപിലേക്കുള്ളത്.

വില്ലൻ വിലക്കയറ്റം

വിലക്കയറ്റം വില്ലനായതോടെ ഒരാഴ്ച മുമ്പ് അഴീക്കലിൽ നങ്കൂരമിട്ട ഉരു ലക്ഷദ്വീപിലേക്ക് ചരക്ക് ലഭിക്കാതെ തുറമുഖത്ത് കുടുങ്ങുകയായിരുന്നു. മംഗളൂരു, ബേപ്പൂർ തുറമുഖങ്ങളെ അപേക്ഷിച്ച് ഒരു അടി ചരക്കിന് 10 രൂപ മുതൽ 20 രൂപ വരെ കൂടുതൽ വില വ്യാപാരികൾ ആവശ്യപ്പെട്ടതോടെയാണ് ഉരു സർവിസിന് തിരിച്ചടിയായത്. ഇത്രയും അമിതമായ തുക നൽകി സാധനങ്ങൾ കയറ്റിക്കാണ്ടു പോയാൽ ഭീമമായ നഷ്ടം നേരിടേണ്ടി വരുമെന്ന് ഉരു അധികൃതർ പറയുന്നു.മറ്റ് തുറമുഖത്തുനിന്നും ലഭിക്കുന്നതു പോലെ സാധനങ്ങൾ ഇവിടെ നിന്നും കയറ്റിക്കിട്ടിയാൽ അഴീക്കലിൽ നിന്നും മുടങ്ങാതെ സർവീസ് നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉരു കമ്പനിക്കാർ.

ദൂരവും കുറവ്

അഴീക്കലിൽ നിന്നും നിന്നും 12 മുതൽ 18 വരെ മണിക്കൂർ യാത്ര ചെയ്താൽ ദ്വീപിലെത്താം.

കൽപേനി കവറത്തി, ആന്ത്രോത്ത്, കവറത്തി എന്നീ ദ്വീപിൽ നിന്നുമാണ് ചരക്കുകൾക്കായി കൂടുതൽ ഓർഡർ ലഭിക്കുന്നത്. ദ്വീപിൽ നിന്നും തിരികെ കൊണ്ടു വരാൻ ആവശ്യത്തിന് മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്. ഉരു സർവിസ് തുടങ്ങും മുമ്പ് ചരക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച് അഴീക്കൽ തുറമുഖ ഉദ്യോഗസ്ഥർ, കമ്പനി ഡയറക്ടർമാർ എന്നിവർ ജില്ലയിലെ കച്ചവടക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Advertisement
Advertisement