ഐഫോണിൽ വാട്ട്സാപ്പ് ഉപയോഗിക്കുന്നവർക്ക്, ആൻഡ്രോയിഡിനെ വെല്ലുന്ന ഈ പുതിയ ഫീച്ചർ , ഏറെക്കാലത്തെ ആവശ്യം ഒടുവിൽ ലഭ്യമാക്കി ആപ്പിൾ

Monday 05 December 2022 10:31 PM IST

ഐഫോണിന്റെ കൂടിയ വിലനിലവാരത്തെക്കുറിച്ച് കളിയാക്കുന്നവർ പോലും അംഗീകരിക്കുന്ന ചില കാര്യങ്ങളുണ്ട്. മികച്ച ക്യാമറ സൗകര്യം ഒരിക്കലും ഹാങാകാതെ നൽകുന്ന പ്രവർത്തന മികവ്, അനാവശ്യമായ പരസ്യങ്ങളില്ലാത്ത സ്മൂത്തായ ഓപ്പറേറ്റിംഗ് സിസ്റ്റം ഒപ്റ്റിമൈസേഷൻ, കൂടാതെ ആൻഡ്രോയിഡ് ഫോണുകൾക്ക് ഒരിക്കലും അവകാശപ്പെടാനാകാത്ത റാം മാനേജ്മെന്റ്. ഇങ്ങനെയൊക്കെയാണെങ്കിലും മികവുകൾക്കിടയിലും പല ആൻഡ്രോയ്ഡ് ഫോണുകളിലുമുള്ള നിസാരമായ ചില ഫീച്ചറുകൾ ഐഫോണിൽ ഉൾപ്പെടുത്താതെയും പോയിട്ടുണ്ട്. നോച്ചുകളിലും ബെസൽസിലും ആൻഡ്രോയ്ഡ് ഫോണുകൾ വർഷങ്ങൾക്ക് മുൻപ് കൊണ്ട് വന്ന പല മാറ്റങ്ങളക്കം ഐഫോൺ ഇപ്പോഴും ഉപഭോക്താക്കൾക്കായി പൂർണമായും നൽകി തുടങ്ങിയിട്ടില്ല.

അത്തരത്തിൽ വാട്ട്സാപ്പ് ഉപയോഗത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്ന ഒരു പോരായ്മ ആപ്പിൾ ഇപ്പോൾ പരിഹരിച്ചതായാണ് വിവരം. വാട്ട്സാപ്പിൽ വീഡിയോ കോൾ ചെയ്യുന്ന സമയത്ത് പിക്ചർ-ഇൻ-ഫീച്ചർ അഥവാ കോൾ മിനിമൈസ് ചെയ്ത് മറ്റു കാര്യങ്ങൾ ഫോണിൽ തുടരാനുള്ള ഓപ്ഷൻ ഇത് വരെ ഐഫോണിൽ ലഭ്യമായിരുന്നില്ല. എന്നാൽ ഈ ഫീച്ചർ ഐഒഎസ് 22.24.0.79 അപ്‌ഡേറ്റ് വഴി ചില ബീറ്റാ ടെസ്റ്റർമാർക്കായി പുറത്തിറക്കിയതായാണ് വിവരം.

വാട്ട്സാപ്പിൽ വീഡിയോ കോൾ ചെയ്യുന്ന സമയം പിക്ചർ -ഇൻ-പിക്ചർ സംവിധാനം ആൻഡ്രോയിഡ് ഫോണുകളിൽ നിലവിൽ ലഭ്യമായ ഫീച്ചറുകളിലൊന്നാണ്. വാട്ട്സാപ്പ് ബീറ്റാ ഇൻഫർമേഷൻ പുറത്തിറക്കിയ പുതിയ സ്ക്രീൻ ഷോട്ടിൽ വീഡിയോ കോളിൽ ഏർപ്പെട്ടിരിക്കുന്ന സമയത്ത് തന്നെ മൾട്ടി ടാസ്ക് ചെയ്യാൻ പുതിയ ഫീച്ചർ ഐഫോൺ ഉപഭോക്താക്കളെയും അനുവദിക്കുമെന്നത് വ്യക്തമാണ്. ഈ സംവിധാനം വൈകാതെ തന്നെ ബീറ്റാ ടെസ്റ്റർമാരിൽ നിന്നും എല്ലാ ഐഫോൺ ഉപഭോക്താക്കളിലേയ്ക്ക് എത്തിച്ചേരുന്നതായിരിക്കും.