സദാചാര പൊലീസ് പിരിച്ചുവിടൽ: ഇറാന്റെ അവകാശവാദം തള്ളി പ്രക്ഷോഭകർ

Tuesday 06 December 2022 5:02 AM IST

ടെഹ്‌റാൻ : സദാചാര പൊലീസ് യൂണിറ്റ് പിരിച്ചുവിട്ടെന്ന ഇറാന്റെ അവകാശവാദം തള്ളി ഹിജാബ് വിരുദ്ധ പ്രക്ഷോഭകർ. സദാചാര പൊലീസ് നിഷ്കർഷിക്കുന്ന സ്ത്രീകളുടെ വസ്ത്രധാരണ നിയമത്തിൽ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നും പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്ന ആക്ടിവിസ്റ്റുകൾ പറയുന്നു.

ഹിജാബ് വിരുദ്ധ പ്രക്ഷോഭം മൂന്ന് മാസത്തോടടുക്കുന്ന പശ്ചാത്തലത്തിൽ ഈ ആഴ്ച മൂന്ന് ദിവസ സമരത്തിനായി സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാളെ ടെഹ്‌റാനിലെ ഫ്രീഡം സ്ക്വയറിൽ റാലി നടത്താനും തീരുമാനിച്ചു. ഇറാനിൽ വിദ്യാർത്ഥി ദിനമാണ് നാളെ.ഹിജാബ് ശരിയായി ധരിച്ചില്ലെന്ന പേരിൽ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയെന്ന 22കാരി തലയ്ക്ക് ക്ഷതമേറ്റ് മരിച്ചതോടെ സെപ്തംബർ 16 മുതലാണ് രാജ്യവ്യാപക പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

ഇറാൻ അ​റ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസെരിയാണ് കഴിഞ്ഞ ദിവസം സദാചാര പൊലീസിനെ പിരിച്ചുവിട്ടെന്ന് അറിയിച്ചത്. എന്നാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സദാചാര പൊലീസ് യൂണിറ്റ് പിരിച്ചുവിട്ടത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകാത്തത് പ്രതിഷേധക്കാരിൽ സംശയമുണർത്തുന്നു.

ഇറാൻ ദേശീയ മാദ്ധ്യമവും അ​റ്റോർണി ജനറലിന്റെ പ്രസ്താവന അംഗീകരിച്ചിട്ടില്ല. സദാചാര പൊലീസിന്റെ മേൽനോട്ടം ആഭ്യന്തര മന്ത്രാലയത്തിനാണെന്നും ജുഡീഷ്യറിക്കല്ലെന്നും ദേശീയ മാദ്ധ്യമം പറയുന്നു. യൂണിറ്റ് പിരിച്ചുവിട്ടാലും ഇറാനിലെ ഹിജാബ് നിയമത്തിൽ മാറ്റമൊന്നും വരില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു.ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ ഇതുവരെ 64 കുട്ടികളടക്കം 470 പേർ കൊല്ലപ്പെട്ടെന്നും 18,210 പേർ അറസ്റ്റിലായെന്നുമാണ് അനൗദ്യോഗിക കണക്ക്.

Advertisement
Advertisement