ലാലുവിന് വൃക്കമാറ്റ ശസ്ത്രക്രിയ വൃക്ക ദാനം ചെയ്തത് മകൾ

Tuesday 06 December 2022 2:24 AM IST

മുംബയ്: ബീഹാർ മുൻമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ വൃക്കമാറ്റ ശസ്ത്രക്രിയ വിജയകരം. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്ക് വൃക്ക ദാനം ചെയ്തത് സിംഗപ്പൂരിൽ താമസിക്കുന്ന രണ്ടാമത്തെ മകൾ രോഹിണി ആചാര്യയാണ്. ഐ.സി.യുവിൽ കഴിയുന്ന ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് മകനും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആശുപത്രിയിലെ വീഡിയോ ഷെയർ ചെയ്ത് ട്വീറ്റ് ചെയ്തു. കാലിത്തീറ്റ കുംഭകോണക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന 74കാരനായ ലാലു കിഡ്നി സംബന്ധമായ അസുഖങ്ങളുള്ളതിനാൽ ചികിത്സയ്ക്കായി ജാമ്യത്തിലാണ്. ചികിത്സയ്ക്കായി ഇൗ വർഷം ആദ്യം സിംഗപ്പൂരിൽ എത്തിയെങ്കിലും വിദേശത്ത് കഴിയാനായി ഡൽഹി കോടതി അനുവദിച്ച കാലാവധി അവസാനിച്ചതിനെ തുടർന്ന് തിരികെ പോരേണ്ടി വന്നു.