റേഡിയോ ജോക്കിയായി ജോലി ചെയ്തിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ്

Tuesday 06 December 2022 2:25 AM IST

ന്യൂഡൽഹി: തനിക്ക് 20 വയസ്സ് പ്രായമുണ്ടായിരുന്നപ്പോൾ റേഡിയോ ജോക്കിയായി ജോലി ചെയ്തിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത് കൊണ്ടിരിക്കെയാണ് ഒാൾ ഇന്ത്യ റേഡിയോക്ക് വേണ്ടി പ്ലേ വിത്ത് കൂൾ, ഡേറ്റ് വിത്ത് യു, സൺഡേ റിക്വസ്റ്റ് എന്നീ പരിപാടികൾ അവതരിപ്പിച്ചിരുന്നതെന്ന് ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തിയത്. ഗോവയിലെ ഒരു ചടങ്ങിനിടെയായിരുന്നുവെളിപ്പെടുത്തൽ. ഇക്കാര്യം അധികമാർക്കും അറിയില്ല. താൻ വീട്ടിൽ പതിവായി സംഗീതം ആസ്വദിക്കുന്നുണ്ട്. ഒരു കൂട്ടം അഭിഭാഷകരുടെ 'സംഗീതം" കേട്ട് കഴിഞ്ഞതിന് ശേഷമാണിതെന്ന് അദ്ദേഹം തമാശയായി പറഞ്ഞു,

ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ സംരംഭമായ ഇന്ത്യ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഒഫ് ലീഗൽ എജ്യുക്കേഷൻ ആന്റ് റിസർച്ചിന്റെ ആദ്യ അക്കാഡമിക് സെഷൻ ഗോവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ എപ്പോഴും അന്വേഷണാത്മക സ്വഭാവമുള്ളവരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളെ അറിയാനുള്ള ശ്രമത്തിനായി അന്വേഷണം നടത്തണം. അത് വളരെ നേരത്തെ തുടങ്ങണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.