ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ 13 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു

Tuesday 06 December 2022 9:15 AM IST

ഇടുക്കി: ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ 13 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിയെ കള്ളക്കേസിൽ കുടുക്കി കസ്റ്റഡിയിൽ മർദ്ദിച്ചെന്ന പരാതിയിലാണ് നടപടി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാർ അടക്കം 13 പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ച് കഴിഞ്ഞ സെപ്‌തംബർ 20നാണ് സരുൺ സജിയെ കിഴുക്കാനം ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ ആർ ഷിജിരാജ്, വി സി ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെ ടി ജയകുമാർ, കെ എൻ മോഹനൻ എന്നിവരെ സസ്‌പെൻഡ് ചെയ്തത്. വൈൽഡ് ലൈഫ് വാർഡൻ രാഹുലും കേസിലെ പ്രതിയാണ്.

തനിക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് സരുൺ സജി എസ് സി എസ് ടി കമ്മിഷന് പരാതി നൽകുകയായിരുന്നു. കുമളിയിൽ നടന്ന സിറ്റിംഗിൽ കേസ് പരിഗണിച്ചപ്പോഴാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കമ്മിഷൻ അദ്ധ്യക്ഷൻ വി എസ് മാവോജി പൊലീസിന് നിർദ്ദേശം നൽകിയത്. പട്ടിക ജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Advertisement
Advertisement