"അതിഥികളും സ്ത്രീകളും ദൈവത്തിന് സമം" ; കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരിയ്ക്ക് സർക്കാർ പത്ത് ലക്ഷത്തിൽ കുറയാതെ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

Tuesday 06 December 2022 7:21 PM IST

തിരുവനന്തപുരം: കോവളത്ത് ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിയ്ക്ക് സർക്കാർ അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. 10 ലക്ഷത്തിൽ താഴാതെയുള്ള തുക നഷ്ടപരിഹാരയിനത്തിൽ നൽകണമെന്നാണ് ഉത്തരവ്.

വിദേശ വനിത കൊല്ലപ്പെട്ടതായി ബോദ്ധ്യപ്പെടാനിടയായ 19 കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള കോടതി ഉത്തരവ് സ്ത്രീകളെയും അതിഥികളെയും ദൈവത്തെപ്പോലെ കാണണമെന്ന ശ്ളോകങ്ങൾ മുൻനിർത്തിയായിരുന്നു. സ്ത്രീകൾ എവിടെ ബഹുമാനിക്കപ്പെടുന്നുവോ അവിടെ ദൈവം പ്രസാദിക്കുന്നുവെന്നും അതിഥികളെ ദൈവത്തെ പോലെ കാണണം എന്നും കോടതി പറഞ്ഞു.

വിവിധ വകുപ്പുകൾ ചേർത്താണ് കോടതി പ്രതികൾ ജീവിതാവസാനം വരെ ജീവപര്യന്തം തുടരണമെന്ന് വിധി പ്രസ്താവന നടത്തിയത്. ഇതുകൂടാതെ 1,65,000 രൂപ വീതം പിഴയും പ്രതികൾ ഒടുക്കണം. ശിക്ഷാവിധിയെ ലോകം ഉറ്റുനോക്കുകയാണെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവമാണ്. എന്നാൽ പ്രതികളുടെ പ്രായം കോടതിക്ക് പരിഗണിക്കാം. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിനോട് നിർദ്ദേശിക്കണം. ഈ സംഭവത്തിലൂടെ രാജ്യത്തിനു തന്നെ മോശം പ്രതിച്ഛായയുണ്ടായി. കേരളത്തിലെത്തിയ വിനോദസഞ്ചാരി മാനഭംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത് ആദ്യമാണ്. ശിക്ഷായിളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂട്ടർ മോഹൻരാജ് കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ രണ്ടു സെന്റ് വസ്തുവിൽ താമസിക്കുന്നവരിൽനിന്ന് എങ്ങനെ വലിയ നഷ്ടപരിഹാരം ഈടാക്കുമെന്ന് കോടതി ചോദിച്ചു. സർക്കാരിൽനിന്ന് സഹായം ലഭ്യമാക്കാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. ഇതിനെ തുടർന്നാണ് കേരള വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശിച്ചത്.

അതേ സമയം നീതി നടപ്പാക്കാൻ ഒപ്പം നിന്ന എല്ലാവർക്കും കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി നന്ദി അറിയിച്ചു. കോടതി വിധിയിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർക്ക് ജീവപര്യന്തം തടവും പിഴയുമാണ് കോടതി വിധിച്ചത്. ജീവിതാവസാനം വരെ പ്രതികൾ ശിക്ഷ അനുഭവിക്കണമെന്നതാണ് വിധി.