ആശുപത്രിയിലായ വയോധികയെ മയക്കി മാല അപഹരിച്ചു, മുക്കുപണ്ടം പണയപ്പെടുത്തി പണം കൈപ്പറ്റി; എംബിഎക്കാരിയായ മോഷ്ടാവിനെ കുരുക്കി പൊലീസ്

Tuesday 06 December 2022 9:21 PM IST

തൃശ്ശൂർ: വയോധികയുടെ മാല കവർന്ന കേസിൽ യുവതി അറസ്റ്റിൽ. തളിക്കുളം സ്വദേശി ലിജിതയാണ് തൃശ്ശൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ വെച്ചായിരുന്നു ഇവർ പുത്തൂർ സ്വദേശിയായ വയോധികയുടെ മാല കവർന്നെടുത്തത്. ഈ മാല പണയം വെയ്ക്കാനായി എത്തിയ ധനകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലായിരുന്നു എംബിഎ ബിരുദധാരിയായ യുവതി പിടിയിലായത്.

ആശുപത്രിയിൽ ചികിത്സയിൽ തുടർന്ന് വന്നിരുന്ന വയോധികയ്ക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷമായിരുന്നു ലിജിത മാല അപഹരിച്ചത്. മോഷണത്തിന് ശേഷം നഗരത്തിലെ തന്നെ ധനകാര്യ സ്ഥാപനത്തിലെത്തിയ പ്രതി മാല മുക്കുപണ്ടമാണെന്ന് അറിയാതെ എഴുപതിനായിരം രൂപയ്ക്ക് പണയം വെച്ച് പണം കൈപ്പറ്റി. പ്രതിയെ മുൻപരിചയമുള്ളതിനാൽ പണയം വെച്ച ആഭരണം സ്വർണമാണോ എന്ന് പരിശോധിച്ചിരുന്നില്ല.

പിന്നീട് നടന്ന പരിശോധനയിലായിരുന്നു പണയം വെച്ചത് മുക്കുപണ്ടമാണെന്ന് ധനകാര്യസ്ഥാപനം തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ ലിജിതയോട് പണം തിരികെ നൽകാൻ ആവശ്യപ്പെടുകയും പ്രതി മുപ്പതിനായിരം രൂപ തിരികെ അടയ്ക്കുകയും ചെയ്തിരുന്നു. . ഇതേ സമയം ആശുപത്രിയിൽ നിന്ന് അടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ധനകാര്യ സ്ഥാപനത്തിലെത്തിയ പൊലീസ് സംഘം ലിജിതയുടെ വിവരങ്ങൾ അവിടെ നിന്നും ശേഖരിക്കുകയുണ്ടായി. തുടർന്ന് ബാക്കി പണം തിരികെ അടയ്ക്കാനെത്തിയപ്പോൾ പിടികൂടുകയുമായിരുന്നു. നഗരത്തിലെ തന്നെ ഒരു നോൺ ബാങ്കിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയായ ലിജിത നേരത്തെയും സമാനമായ കേസുകളിൽ പ്രതിയായിട്ടുണ്ട്.