കൈകോർക്കാം രാജ്യം കാത്തവർക്കായി കാവൽ നിൽക്കുന്നവർക്കായി

Wednesday 07 December 2022 12:00 AM IST

സായുധസേനാ പതാക ദിനം ഇന്ന്. ത്യാഗോജ്ജ്വലമായ രാജ്യസേവനത്തിനിടെ ജീവിതം ഹോമിച്ച സേനാനികളേയും രാജ്യസുരക്ഷയ്‌ക്കായി കർത്തവ്യനിരതരായ സൈനികരേയും വിമുക്തഭടന്മാരേയും കൃതജ്ഞതാപൂർവം സ്മരിക്കുന്ന ദിനമാണ് സായുധസേനാ പതാകദിനം .

സൈനികർക്കും വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും ക്ഷേമപുനരധിവാസ പ്രവർത്തനങ്ങൾക്കായി പതാക വില്പനയിലൂടെയും സംഭാവനകളിലൂടെയും പണം സ്വരൂപിക്കുന്നതിന് നാന്ദികുറിക്കുന്ന സുദിനമാണിത്.
ഓരോ സംസ്ഥാനത്തും സൈനികക്ഷേമവകുപ്പിന്റെ കീഴിൽ മുഖ്യമന്ത്രി പ്രസിഡന്റായി രാജ്യസൈനികബോർഡും സായുധസേനാ പതാകദിന ഫണ്ട് കമ്മിറ്റിയും പ്രവർത്തിക്കുന്നു. കൂടാതെ ജില്ലാ സൈനികക്ഷേമ ഓഫീസുകളിൽ കളക്ടർ പ്രസിഡന്റായി ജില്ലാ സൈനിക ബോർഡുകളും ജില്ലാ സായുധസേന ഫണ്ട് കമ്മിറ്റിയും പ്രവർത്തിക്കുന്നു.

പതാകയുടെ വില്പനയും സംഭാവന സ്വീകരിക്കലും ഉദ്ഘാടനം ചെയ്യുന്നത് സംസ്ഥാന ഗവർണറാണ്. എൻ.സി. സി വോളന്റിയർമാർ ഗവർണർക്കു പതാക കുത്തിക്കൊടുക്കും. ടോക്കൺ ഫ്ളാഗിന്റെ വില 10 രൂപയും കാർ ഫ്ളാഗിന്റെ വില 20 രൂപയുമാണ് . സർക്കാർ ഓഫീസുകൾ, ഇതര തൊഴിൽസ്ഥാപനങ്ങൾ സ്‌കൂളുകൾ, കോളേജുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ പതാകകൾ വിൽക്കുകയും സംഭാവനയായി പണം സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. ഈവിധം സംസ്ഥാനതലത്തിൽ സ്വരൂപിക്കുന്ന പണം സ്റ്റേറ്റ് മിലിട്ടറി ബെനവലന്റ് ഫണ്ടിലേക്ക് നിക്ഷേപിക്കും. ഈ ഫണ്ടിൽ നിന്നുള്ള ധനസഹായവും ക്ഷേമ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി പ്രസിഡന്റായ രാജ്യ സൈനിക ബോർഡ് കമ്മിറ്റിയാണ്. അവശരായ വിമുക്തഭടന്മാർക്കു നൽകുന്ന അടിയന്തര സാമ്പത്തിക സഹായം, വിമുക്തഭടന്മാരുടെ രണ്ട് പെൺമക്കൾക്കു വീതം നൽകുന്ന വിവാഹ ഗ്രാന്റ് , വിമുക്തഭടന്മാരുടെ അവരുടെ കാഴ്ചയില്ലാത്ത മക്കൾക്കും അംഗപരിമിതിയുള്ള മക്കൾക്കും നൽകുന്ന പ്രതിമാസ സാമ്പത്തിക സഹായം, കാൻസർ ബാധിച്ച വിമുക്തഭടന്മാർക്കു നൽകുന്ന പ്രതിമാസ ഗ്രാന്റ്, പെൻഷൻ ലഭിക്കാത്ത വിമുക്ത ഭടന്മാർക്കു നൽകുന്ന വാർഷിക ഗ്രാന്റ് ഉദ്യോഗലബ്‌ധിക്കു വേണ്ടി മത്സര പരീക്ഷകളെഴുതാൻ തയ്യാറെടുക്കുന്ന വിമുക്തഭടന്മാർക്കും ആശ്രിതർക്കും കോച്ചിംഗിനായി നൽകുന്ന പ്രത്യേക ഗ്രാന്റ് തുടങ്ങിയവ പതാക വില്പനയിലൂടെയും സംഭാവനയിലൂടെയും സമാഹരിക്കുന്ന ബനവലന്റ് ഫണ്ടിൽനിന്നും വർഷംതോറും നൽകി വരുന്നു.

ഏറ്റവും കൂടുതൽ തുക സമാഹരിക്കുന്ന എൻ.സി.സി ബറ്റാലിയനും വിദ്യാഭ്യാസസ്ഥാപനത്തിനും റവന്യൂ ജില്ലയ്ക്കും വർഷംതോറും മുഖ്യമന്ത്രിയുടെ റോളിംഗ് ട്രോഫി ലഭിക്കും. സായുധസേനാ പതാകകൾ വാങ്ങിയും സംഭാവനകൾ നൽകിയും സൈനികരുടെയും ആശ്രിതരുടെയും ക്ഷേമപുനരധിവാസ പ്രവർത്തനങ്ങളിൽ നമുക്കും പങ്കാളികളാകാം.

(സൈനികക്ഷേമ വകുപ്പിലെ മുൻ ഉദ്യോഗസ്ഥനാണ് ലേഖകൻ)

Advertisement
Advertisement