കടുവാപ്പേടിയിൽ നിശ്ചലം മലയോരം

Tuesday 06 December 2022 9:42 PM IST
പെരിങ്കരിയിൽ മൃഗത്തിന്റെ കാൽപാടുകൾ കണ്ട സ്ഥലം ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ പരിശോധിക്കാനെത്തിയപ്പോൾ

ഇരിട്ടി : ആറ് നാളായിത്തുടരുന്ന കടുവാപ്പേടിയിൽ നിശ്ചലാവസ്ഥയിലായിരിക്കയാണ് ഇരിട്ടി, ഉളിക്കൽ മേഖലയിലെ ജനജീവിതം. തിങ്കളാഴ്ച പുലർച്ചെ കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തിയ കൂമൻതോട് വിളമന റോഡിലെ റബ്ബർ തോട്ടങ്ങൾ നിറഞ്ഞ കുന്നിൻ പ്രദേശത്ത് കടുവ ഉണ്ടെന്ന വിശ്വാസമാണ് നാട്ടുകാരെ അങ്കലാപ്പിലാക്കിയിരിക്കുന്നത്.

ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഈ പ്രദേശത്തെ ആളൊഴിഞ്ഞ കുന്നിൻ പ്രദേശത്ത് കടുവ ഏതോ മൃഗത്തെ വേട്ടയാടി പിടിക്കുന്നതിന് സമാനമായ അലർച്ച കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. രാത്രി മുഴുവൻ നാലു വാഹനങ്ങളിലായി നാട്ടുകാരും മൂന്ന് വാഹനങ്ങളിലായി വനം വകുപ്പും പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. കടുവയുടെ അലർച്ച കേട്ട ഭാഗത്ത് പുലർച്ചയോടെ തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പെരിങ്കിരിയിൽ ജനവാസ മേഖലയിലൂടെ ഒഴുകുന്ന ചെറിയ തോട്ടിൽ മൃഗത്തിന്റെ കാൽപ്പാടുകൾ കണ്ടതിനെ തുടർന്ന് വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കാട്ടുപന്നിയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് വിളമനയുടെ കുന്നിൻ മേഖലയിൽ തന്നെയാണ് കടുവ തുടരുന്നത് എന്നുള്ള നിഗമനം ശക്തമാക്കിയത്.
ഇതേസമയം നിരീക്ഷണ കാമറ സ്ഥാപിക്കുവാനുള്ള നീക്കം വനം വകുപ്പ് താൽക്കാലികമായി ഉപേക്ഷിച്ചു. കടുവയുടെ സാന്നിദ്ധ്യം സംബന്ധിച്ച് കൃത്യമായ നിർണയം നടത്താനാവാത്തതും ഏതു സ്ഥലത്ത് ക്യാമറ വെക്കണം എന്നുള്ളതിൽ അന്തിമ തീരുമാനമാകാത്തതിനാലാണിത്. മാട്ടറ പീടിക കുന്നിൽ വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് കടുവയെ ആദ്യം കണ്ടത് മുതൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിവരെ 20 കിലോമീറ്റർ ജലവാസ മേഖലയിലൂടെ ഇത് സഞ്ചരിച്ചതായാണ് വനപാലകരുടെ നിഗമനം. ഈ സാഹചര്യത്തിൽ ആരോഗ്യമുള്ള കടുവയാണ് വനത്തിൽ നിന്നും ജനവാസ മേഖലയിൽ എത്തിയത് എന്നാണ് കരുതുന്നത്. ഏതെങ്കിലും ഒരു സ്ഥലത്ത് കാമറ വെച്ചതുകൊണ്ട് ഇതിനെ കണ്ടെത്താനോ തുടർനടപടികൾ സ്വീകരിക്കുവാനോ കഴിയാത്ത സ്ഥിതിയാണെന്ന് ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ പറഞ്ഞു.

Advertisement
Advertisement