സ്ത്രീധനപീഡന പരാതി അട്ടിമറിച്ചെന്ന് ആക്ഷേപം  പൊലീസിനെതിരെ ആരോപണവുമായി യുവതി

Wednesday 07 December 2022 1:30 AM IST

വെഞ്ഞാറമൂട്: സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ വെഞ്ഞാറമൂട്ടിൽ യുവതിക്കുനേരെ 12 വർഷമായി ഭർത്താവ് അക്ബർ ഷായും ഭർത്തൃവീട്ടുകാരും നടത്തിയ കൊടുംക്രൂരതയ്‌ക്കെതിരായ പരാതി വെഞ്ഞാറമൂട് പൊലീസ് അട്ടിമറിച്ചതായി ആക്ഷേപം. ബന്ധുക്കളടക്കം ഉൾപ്പെട്ട കേസിൽ ഭർത്താവിനെതിരെ മാത്രം കുറ്റപത്രം സമർപ്പിച്ചതോടെയാണ് പൊലീസിനെതിരെ യുവതി രംഗത്തെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും പീഡിപ്പിക്കുന്നുവെന്നാരോപിച്ച് നെടുമങ്ങാട് കോടതിയിലും പൊലീസിലുമായിരുന്നു 2021ൽ യുവതി പരാതി നൽകിയത്. ഈ പരാതിയിൽ കോടതിയുടെ നിർദ്ദേശപ്രകാരം ഭർത്താവിനെയും അമ്മയെയും സഹോദരിയെയും പ്രതിയാക്കിയായിരുന്നു പൊലീസ് കേസെടുത്തത്. എന്നാൽ ഭർത്താവ് അക്ബർ ഷായെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം നൽകിയത്. ഇതിലൂടെ കേസ് അട്ടിമറിക്കപ്പെട്ടുവെന്നാണ് യുവതിയുടെ ആരോപണം. 2012ലാണ് അക്ബർ ഷായും യുവതിയും വിവാഹിതരാകുന്നത്. ഒരാഴ്‌ച കഴിഞ്ഞപ്പോഴേക്കും സ്ത്രീധനത്തിന്റെ പേരിൽ പീഡനം ആരംഭിച്ചു. പരാതിക്കൊപ്പം നൽകിയ ഭർത്താവ് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. ഭർത്താവും ഭർത്തൃമാതാവും സ്ഥിരമായി മർദ്ദിക്കുമെന്നും ഏഴോളം പ്രാവശ്യം കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. യുവതിയെയും മകളെയും വീട്ടിൽ നിന്നിറക്കിവിട്ടു. റോഡിലൂടെ വലിച്ചിഴച്ച് പട്ടിണിക്കിട്ടു. മകളുടെ മുന്നിൽ നഗ്നതാ പ്രദർശനവുമുണ്ടായിരുന്നതായി യുവതി പറയുന്നു. സ്ത്രീധനം കുറഞ്ഞെന്നും മകനെ കുടുക്കിയതാണെന്നും പറഞ്ഞായിരുന്നു ഭർത്തൃമാതാവിന്റെ ഉപദ്രവം. ഭർത്തൃസഹോദരി താലിമാല വലിച്ചുപൊട്ടിച്ചു. പരാതിയിൽ മൊഴിരേഖപ്പെടുത്തിയ ഉദ്യോഗസ്ഥൻ ദേഷ്യത്തോടെയാണ് പെരുമാറിയത്. സാക്ഷിമൊഴിയായി തന്റെ മാതാപിതാക്കൾ നൽകിയ മൊഴിയല്ല രേഖപ്പെടുത്തിയത്. മകളുടെ മുന്നിൽ നഗ്നത പ്രദർശിപ്പിക്കുന്നത് ഇപ്പോൾ പരാതിയിൽ ഉൾപ്പെടുത്തേണ്ടെന്നും പിന്നീട് മറ്റൊരു പരാതിയായി നൽകാമെന്നും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചെന്നും യുവതി ആരോപിക്കുന്നു.

Advertisement
Advertisement