കുഞ്ഞിന് ജന്മം നൽകുന്നതിൽ അമ്മയുടെ തീരുമാനം അന്തിമം

Tuesday 06 December 2022 10:38 PM IST

ന്യൂഡൽഹി: കുഞ്ഞിന് ജന്മം നൽകുന്നതിൽ അമ്മയുടെ തീരുമാനം ആത്യന്തികമാണെന്ന് ഡൽഹി ഹൈക്കോടതി. 33 ആഴ്ച് ഗർഭിണിയായ യുവതിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിക്കൊണ്ടാണ് ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് പ്രതിഭ എം. സിംഗിന്റെ നിരീക്ഷണം. ഭ്രൂണത്തിന് സെറിബ്രൽ വൈകല്യമുള്ളതിനാൽ ഗർഭച്ഛിദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് 26 വയസ്സുകാരിയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിലോ യുവതിയുടെ ഇഷ്ടാനുസരണം മറ്റേതെങ്കിലും ആശുപത്രിയിലോ ഉടൻ ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകുകയാണ്. ഹർജിക്കാരിക്ക് ഗർഭച്ഛിദ്രത്തിന്റെ അപകട സാദ്ധ്യതകളെക്കുറിച്ചും അതുണ്ടാക്കുന്ന മാനസിക ആഘാതത്തെക്കുറിച്ചും വ്യക്തമായി അറിയാമെന്നും ഇക്കാര്യത്തിൽ മാതാവിന്റെ തീരുമാനം നിർണ്ണായകമാണെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളിൽ മെഡിക്കൽ ബോർഡുകൾ ഗുണപരമായ റിപ്പോർട്ടുകൾ നൽകണം. കോടതികളുടെ തീരുമാനത്തിന് ഉപോത്ബലകമായി വരുന്ന മെഡിക്കൽ ബോർഡിന്റെ അഭിപ്രായത്തിന് വലിയ പ്രാധാന്യമുണ്ട്. ഗുണപരമായ റിപ്പോർട്ടിനൊപ്പം നടപടികൾ വേഗതയോടെയുള്ളതുമാകണം. ഇത്തരം സ്ത്രീകളോട് മെഡിക്കൽ ബോർഡ് സൗഹാർദ്ദത്തോടെ ഇടപഴകണം. നിർഭാഗ്യവശാൽ ഈ കേസിൽ മെഡിക്കൽ ബോർഡിന് ഗർഭസ്ഥ ശിശുവിന്റെ വൈകല്യത്തിന്റെ വ്യാപ്തിയെക്കുറിച്ചോ ജനനത്തിന് ശേഷമുള്ള കുട്ടിയുടെ സ്ഥിതിയെ കുറിച്ചോ വ്യക്തമായ അഭിപ്രായം പറയാൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

ഹർജിക്കാരിയെ നടപടിക്രമങ്ങളെ കുറിച്ച് ഒരിക്കൽ കൂടി ബോദ്ധ്യപ്പെടുത്തുകയും അവരുടെ സമ്മതം നേടുകയും വേണം. അതിന്റെ അനന്തരഫലത്തിന്റെ ഉത്തരവാദിത്വം ഹർജിക്കാരിക്കായിരിക്കും. ഡൽഹിയിലെ ലോക്നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിലെ മെഡിക്കൽ ബോർഡ് ഗർഭാവസ്ഥയുടെ ഘട്ടം കണക്കിലെടുത്ത് അലസിപ്പിക്കാനുള്ള അപേക്ഷ നേരത്തെ നിരസിച്ചിരുന്നു. ഹർജിയുമായി ബന്ധപ്പെട്ട് കോടതി

ആശുപത്രിയിലെ ന്യൂറോ സർജൻ, ഗൈനക്കോളജിസ്റ്റ് എന്നിവരുടെ വാദം കേട്ടു. ഗർഭസ്ഥ ശിശുവിന് വൈകല്യമുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും കുട്ടിയുടെ ജീവിത നിലവാരം പ്രവചിക്കാൻ തനിക്ക് കഴിയില്ലെന്നും ന്യൂറോ സർജൻ വ്യക്തമാക്കി. എന്നാൽ, ജനിച്ച് 10 ആഴ്ച്കൾക്ക് ശേഷം ഒരു ശസ്ത്രക്രിയയിലൂടെ കുറെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും ഡോക്ടർ പറഞ്ഞു.

സാങ്കേതിക വിദ്യ പുരോഗതി കൈവരിച്ചതോടെ ഭ്രൂണം വളരുന്ന ഘട്ടത്തിൽ തന്നെ പലകാര്യങ്ങളും കണ്ടെത്താനാകുമെന്നും കൂടുതൽ പുരോഗതി കൈവരിച്ചാൽ ജനിതക പരിശോധനകളോ ഐ.ക്യു ടെസ്റ്റുകളോ നടത്താൻ സാധിക്കുമെന്നും ജസ്റ്റിസ് പ്രതിഭ എം. സിംഗ് പറഞ്ഞു. താൻ ഇത് സംബന്ധിച്ച് ഒരു വീക്ഷണം എടുക്കുന്നില്ല. പൂർണ്ണതയുള്ള കുട്ടികൾ മാത്രമുള്ള ഒരു സമൂഹത്തെ മാത്രമാണ് നമ്മൾ പ്രതീക്ഷിക്കുന്നതെന്നും പ്രതിഭാ എം. സിംഗ് വ്യക്തമാക്കി.

Advertisement
Advertisement