ക്യൂബയിൽ വനിതാ ബോക്സർമാർക്ക് അനുമതി

Wednesday 07 December 2022 2:15 AM IST

ഹവാന: സ്ത്രീകൾക്ക് ബോക്സിംഗ് ടൂർണമെന്റുകളിൽ പങ്കെടുക്കാൻ അനുമതി നല്കി ബോക്സിംഗ് പവർഹൗസായ ക്യൂബ. കായിക ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നടത്തി.ഫിഡൽ കാസ്‌ട്രോയുടെ 1959ലെ വിപ്ലവത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി.

ഒളിമ്പിക് ഗെയിംസിൽ 41 സ്വർണ മെഡലുകൾ നേടി ആഗോള ചാർട്ടുകളിൽ ഒന്നാമതുള്ള ക്യൂബ പുരുഷ ബോക്സർമാരുടെ പേരിൽ പ്രശംസിക്കപ്പെടുന്ന രാജ്യമാണ്. എന്നാൽ ക്യൂബയിലെ വനിതാ ബോക്സർമാർക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുകയല്ലാതെ വേറെ മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.

വനിതാ ബോക്സിംഗ് തങ്ങളെ അന്താരാഷ്ട്ര മെഡൽ പട്ടികയിലേക്ക് കൊണ്ടുവരാൻ പോകുകയാണെന്ന് സ്ത്രീകളുടെ പങ്കാളിത്തം നിയമവിധേയമാക്കാനുള്ള പ്രഖ്യാപനത്തിന് ശേഷം ക്യൂബ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പോർട്സ് വൈസ് പ്രസിഡന്റ് ഏരിയൽ സൈൻസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മച്ചിസ്റ്റ സംസ്‌കാരത്തിൽ സ്ത്രീകളും എൽ.ജി.ബി.ടി സമൂഹവും നേരിടുന്ന വിവേചനം തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് അടുത്തിടെ അംഗീകരിച്ച ക്യൂബയുടെ ഫാമിലി കോഡ് ഈ നീക്കത്തിന് നിയമപരമായ അടിസ്ഥാനം നൽകിയതായി സൈൻസ് പറഞ്ഞു. ഞങ്ങൾക്ക് ഇപ്പോൾ ഒരു നിയമം ഉണ്ട്. അത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിൽ തുല്യത ഉറപ്പാക്കുന്നതായും സൈൻസ് കൂട്ടിച്ചേർത്തു.

2009 ലാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ത്രീകൾക്ക് ബോക്സിംഗിൽ മത്സരിക്കാമെന്ന് പ്രഖ്യാപിച്ചത്. മൂന്ന് വർഷത്തിന് ശേഷം വനിതാ ബോക്സർമാർ 2012 ലെ ലണ്ടൻ ഗെയിംസിലും പിന്നീട് 2016ൽ റിയോ ഡി ജനീറോയിലും 2020ൽ ടോക്കിയോയിലും മത്സരിച്ചു.

ഇന്റർനാഷണൽ ബോക്സിംഗ് അസോസിയേഷനുമായി പങ്കാളിത്തമുള്ള 202 രാജ്യങ്ങളിൽ വനിതാ ബോക്സിംഗ് പരിശീലിക്കാത്ത ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ക്യൂബ. ഞങ്ങൾക്ക് സമയം നഷ്ടപ്പെട്ടു, പക്ഷേ ഞങ്ങൾ അത് പരിഹരിക്കും എന്ന് ക്യൂബൻ ബോക്സിംഗ് ഫെഡറേഷൻ പ്രസിഡന്റ് ആൽബെർട്ടോ പ്യൂഗ് പറഞ്ഞു.

ക്യൂബയിൽ സ്ത്രീകളെ ബോക്സിംഗിൽ നിന്ന് വിലക്കിയത് എന്തുകൊണ്ടാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ദ്വീപിലെ സ്ത്രീകൾക്ക് ഗുസ്തി, ഭാരോദ്വഹനം, കരാട്ടെ, തായ്ക്വോണ്ടോ, ജൂഡോ എന്നിവയിൽ പങ്കെടുക്കാൻ അനുവാദമുണ്ട്. മത്സരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ദ്വീപ് വിടാൻ നിർബന്ധിതരാകുമായിരുന്നെങ്കിലും വർഷങ്ങളായി അവർക്ക് പരിശീലനം നൽകിയിരുന്ന ഹവാനയിലെ ജിമ്മുകളിൽ ഈ തീരുമാനം പെട്ടെന്ന് തന്നെ തരംഗം സൃഷ്ടിച്ചു.

വർഷങ്ങളുടെ ത്യാഗത്തിനും പ്രയത്നത്തിനും ശേഷം, ബോക്സിംഗിന്റെ ജ്വാല എനിക്ക് വേണ്ടി മിന്നിത്തുടങ്ങി, 57 കിലോഗ്രാം ഭാരമുള്ള ഇടംകൈ ബോക്സർ ലെഗ്നിസ് കാല തന്റെ കയ്യുറകളിൽ മുറുകെപ്പിടിച്ച് പറഞ്ഞു.

Advertisement
Advertisement