കൊളംബിയയിൽ മണ്ണിടിച്ചിലിൽ 34 ബസ് യാത്രികർക്ക് ദാരുണാന്ത്യം

Wednesday 07 December 2022 1:06 AM IST

ബൊഗോട്ട: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽപ്പെട്ട് ബസ് യാത്രികരായിരുന്ന 34 പേർക്ക് ദാരുണാന്ത്യം. വടക്കു പടിഞ്ഞാറൻ കൊളംബിയയിൽ ഞായറാഴ്ചയായിരുന്നു അപകടം. തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് 230 കിലോമീറ്റർ അകലെ റിസറാൾഡ പ്രവിശ്യയിലെ പ്യൂബോ റിക്കോ,​ സാന്താ സിസിലിയ ഗ്രാമങ്ങൾക്കിടയിൽ വച്ച് ബസ് മണ്ണിനടിയിൽ പെടുകയായിരുന്നു.നിലവിൽ ഒമ്പത് പേരെ രക്ഷിക്കാൻ കഴിഞ്ഞെന്ന് അധികൃതർ അറിയിച്ചു. കൊളംബിയയിലെ മൂന്നാമത്തെ വലിയ നഗരമായ കാലിയിൽ നിന്ന് ചോക്കോ പ്രവിശ്യയിലെ കോണ്ടോട്ടോ നഗരത്തിലേക്ക് പോകുകയായിരുന്നു ബസ്. ലാ നിന എന്ന കാലാവസ്ഥാ പ്രതിഭാസത്തെത്തുടർന്ന് കനത്ത മഴയാണ് കൊളംബിയയിൽ പെയ്തുകൊണ്ടിരുന്നത്. രക്ഷാപ്രവർത്തനത്തെയും മഴ ബാധിച്ചു. അപകടത്തെ ദുരന്തം എന്നു വിശേഷിപ്പിച്ച കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുകയും അവരുടെ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. രക്ഷാപ്രവർത്തനം നടന്നു വരികയാണ്. മൃതദേഹങ്ങൾ നഗരത്തിലെ സ്പോർട്സ് സ്റ്രേഡിയത്തിൽ എത്തിച്ചതായി അധികൃതർ അറിയിച്ചു.