കൈക്കൂലിക്കാരൻ എത്തുന്നിടത്ത് വീഡിയോ റെക്കോർഡർ സ്ഥാപിച്ച് വിജിലൻസ്, അറിയാതെ 2500 രൂപ വാങ്ങാനെത്തിയ  ബലോണി ചാക്കോ കുടുങ്ങി

Wednesday 07 December 2022 10:25 AM IST

പത്തനംതിട്ട: പശുക്കളെ ഇൻഷുർ ചെയ്യുന്നതിന്റെ ഭാഗമായി പരിശോധനയ്ക്ക് എത്തി ഫാം ഉടമയോട് കൈക്കൂലി ചോദിച്ച പെരുനാട് മൃഗാശുപത്രിയിലെ ഡോക്ടർ ഇരവിപേരൂർ സ്വദേശി ബലോണി ചാക്കോയെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പെരുനാട് മുക്കത്ത് താഴേമുക്കത്ത് വീട്ടിൽ ഗീതയുടെ പശു ഫാമിലെത്തിയ ഡോക്ടർ ഇൻഷുറൻസ് കമ്പനിക്ക് റിപ്പോർട്ട് തയ്യാറാക്കുന്നതിന് 2500 രൂപ ചോദിച്ചു. സ്ഥലത്തുണ്ടായിരുന്ന വിജിലൻസ് സംഘം ഡോക്ടറെ കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടുകയായിരുന്നു. വിജിലൻസ് കൈമാറിയ നോട്ടുകളാണ് ഫാം ഉടമ ഡോക്ടർക്ക് നൽകിയത്.

തെളിവ് ശേഖരണത്തിനായി ഗീതയുടെ വീട്ടിൽ വിജിലൻസ് വീഡിയോ റെക്കോർഡർ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 21 ന് ഫാമിലെ പശു ചത്തപ്പോൾ പോസ്റ്റു മോർട്ടത്തിന് എത്തിയ ഡോക്ടർ 2500 രൂപ കൈക്കൂലി ചോദിച്ചു വാങ്ങിയിരുന്നു. ഇൻഷുർ റിപ്പോർട്ട് തയ്യാറാക്കുന്നതിനും കൈക്കൂലി ചോദിക്കുമെന്ന് കരുതി ഫാം ഉടമ വിജിലൻസിനെ അറിയിച്ചിരുന്നു. ഡിവൈ.എസ്.പി ഹരി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡോക്ടറെ പിടികൂടിയത്.