നിയമലംഘനം നടത്തിയിട്ടില്ലെന്ന വാദം; ആനക്കൊമ്പ് കേസിൽ മോഹൻലാൽ നൽകിയ ഹർജി വിധി പറയുന്നതിനായി മാറ്റി

Wednesday 07 December 2022 10:34 AM IST

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ചത് സംബന്ധിച്ച കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ഹർജി തള്ളിയതിനെ തുടർന്ന് നടൻ മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി വിധിപറയുന്നതിനായി മാറ്റി. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹർജി പരിഗണിച്ചത്. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് മോഹൻലാൽ കൈവശം വയ്ച്ചതെന്നും കേസിൽ താരം നിയമലംഘനം നടത്തിയിട്ടില്ലെന്നും സർക്കാർ കോടതിയിൽ വാദിച്ചിരുന്നു. ഇക്കാരണത്താൽ വൈൽഡ് ലൈഫ് ആക്ടിന്റെ ലംഘനമായി കേസിനെ പരിഗണിക്കാനാകില്ല എന്ന് മോഹൻലാലിന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ സാധാരണക്കാരനാണ് ഇത്തരത്തിൽ ആനക്കൊമ്പ് കൈവശം വയ്ക്കുന്നതെങ്കിൽ ഇളവ് അനുവദിക്കുമോയന്ന് സർക്കാർ നിലപാടിനെ ചോദ്യം ചെയ്ത് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കേസിൽ പ്രതിയായതിന് ശേഷമാണ് താരത്തിന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നൽകിയതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഒരു സാധാരണക്കാരനായിരുന്നു ഈ സ്ഥാനത്തെങ്കിൽ എപ്പോഴെ ജയിലിനുള്ളിലായേനെ എന്നും കോടതി പറഞ്ഞു.

2012 ജൂണിലാണ് മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. രണ്ടു ജോഡി ആനക്കൊമ്പുകൾ 2011 ഡിസംബർ 21 ന് പിടികൂടിയെങ്കിലും ആറു മാസം കഴിഞ്ഞ് 2012 ജൂൺ 12 നാണ് കേസ് എടുത്തത്. ആനക്കൊമ്പുകൾ വനം വകുപ്പിന് കൈമാറുകയും മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നൽകിയത്.

Advertisement
Advertisement