സ്‌നേഹം നടിച്ചെത്തി ജ്യൂസ് നൽകി, മയങ്ങിയപ്പോൾ മടിയിൽ തലവച്ച് ഉറങ്ങാനും ആവശ്യപ്പെട്ടു, ആശുപത്രിയിൽ പുത്തൻ തട്ടിപ്പുമായെത്തിയ യുവതി പിടിയിൽ 

Wednesday 07 December 2022 10:47 AM IST

തൃശൂർ : തൃശൂരിലെ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ വയോധികയ്ക്ക് ജ്യൂസിൽ ഉറക്ക ഗുളിക കൊടുത്ത് മയക്കിക്കിടത്തി, മാല മോഷ്ടിച്ച യുവതി അറസ്റ്റിലായി. തളിക്കുളം എസ്.എൻ.വി സ്‌കൂളിന് സമീപം കളരിക്കൽ ലജിതയെയാണ് (41) ഈസ്റ്റ് സി.ഐ പി.ലാൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം.

തൃശൂർ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തി കാത്തിരിക്കുകയായിരുന്ന 60 വയസുള്ള സ്ത്രീയോട്, അടുത്തിരുന്ന് സ്‌നേഹം നടിച്ച്, ഉറക്കഗുളിക ചേർത്ത ജ്യൂസ് കുടിക്കാൻ നൽകുകയായിരുന്നു. ജ്യൂസ് കുടിച്ച സ്ത്രീ ഉറക്കം തൂങ്ങാൻ തുടങ്ങിയപ്പോൾ, മടിയിൽ തലവെച്ച് ഉറങ്ങിക്കൊള്ളാൻ പറയുകയും, മാല മോഷ്ടിക്കുകയും ചെയ്തു. മോഷ്ടിച്ച മാല പിന്നീട് ഇവർ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചു. മാല മോഷ്ടിച്ച സ്ത്രീ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന്, കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രതിയെക്കുറിച്ചുള്ള ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ നിന്നും ലഭിച്ചു.

നഷ്ടപ്പെട്ട മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും പൊലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ ഇത് സ്വർണാഭരണമല്ലെന്ന് തെളിഞ്ഞു. മോഷ്ടിച്ച മാല പണയം വെച്ച സ്ത്രീക്കെതിരെ വ്യാജസ്വർണം പണയം വെച്ചതിനും കേസുണ്ട്. ഈസ്റ്റ് എസ്.ഐ എസ്.ഗീതുമോൾ, എ.എസ്.ഐ എം.ജയലക്ഷ്മി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.സ്മിത, പി.ഹരീഷ് കുമാർ, വി.ബി ദീപക്, കാമറ കൺട്രോൾ റൂം വിഭാഗത്തിലെ ഐ.ആർ അതുൽ ശങ്കർ, പി.എം അഭിഭിലായ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.