സി.പി.എം പ്രവർത്തകന് നേരെ വധശ്രമം: പ്രതികൾക്ക് കഠിന തടവും പിഴയും

Thursday 08 December 2022 1:29 AM IST

തലശ്ശേരി: സി.പി.എം പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ ആർ.എസ്.എസ് - ബി.ജെ.പിക്കാരായ പ്രതികൾക്ക് കഠിന തടവും പിഴയും. ഒന്നാം പ്രതിക്ക് ആറ് വർഷം കഠിന തടവും, 8 ലക്ഷം രൂപ പിഴയും, രണ്ട് മുതൽ നാല് വരെയുള്ള പ്രതികൾക്ക് 8 വർഷം വീതം കഠിന തടവും 8 ലക്ഷം രൂപ വീതം പിഴയുമാണ്
അസി. സെഷൻസ് ജഡജ് കെ.ബി. വീണ വിധിച്ചത്. വിവിധ വകുപ്പുകൾ പ്രകാരമുള്ള കേസിൽ
ശിക്ഷ ഒന്നിച്ചനുഭവിക്കാനാണ് ഉത്തരവ്. അതനുസരിച്ച് ഒന്നാം പ്രതി 3 വർഷവും, മറ്റ് പ്രതികൾ 5 വർഷം വീതവും ശിക്ഷയനുഭവിച്ചാൽ മതി. ഇതിന് പുറമെ മുഴുവൻ പ്രതികളും 8 ലക്ഷം രൂപ വീതം പിഴയടക്കണം. ഇതിൽ നിന്ന് 20 ലക്ഷം രൂപ പരിക്കേറ്റ ജ്യോതിരാജിന് നൽകണം. അല്ലെങ്കിൽ ഒന്നര വർഷം കൂടുതൽ തടവ് അനുഭവിക്കണം. ഒന്നാം പ്രതിക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാലാണ് ശിക്ഷയിൽ ഇളവ് ലഭിച്ചത്.
2008 മാർച്ച് ആറിന് രാത്രി പത്ത് മണിയോടെ തൃപ്പങ്ങോട്ടൂരിലെ കല്ലിന്റവിട കെ. ജ്യോതിരാജിനെ (36) വിളക്കോട്ടൂരിലെ കുനിയിൽ രാജീവൻ (38),​ പൊയിലൂരിലെ കുണ്ടൻ ചാലിൽ രമേശൻ (40),​ വട്ടപൊയിലുമ്മൽ രാജേഷ് (36),​ കൊക്കണ്ടിന്റവിട പ്രമോദ് (34) എന്നിവർ ചേർന്ന് ആക്രമിച്ചുവെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഡിസ്ട്രിക്ട് ഗവ. പ്ലീഡർ അഡ്വ. സി.കെ. രാമചന്ദ്രനാണ് ഹാജരായത്.

Advertisement
Advertisement