ഗവർണർ അങ്ങനെ ചാൻസലറാവേണ്ട

Thursday 08 December 2022 12:00 AM IST

രണ്ട് കാര്യങ്ങളിൽ ഒരു തീർപ്പുണ്ടായി: ഒന്ന്, സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാം. രണ്ട്, നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ അംഗീകരിക്കണം. തർക്കിച്ച് തർക്കിച്ച് പ്രതിപക്ഷമനസിൽ നിന്ന് ഇത്രയെങ്കിലും ഊറ്റിയെടുത്തതിലെ മിടുക്ക് നിയമമന്ത്രി പി. രാജീവിന് സ്വന്തം. അദ്ദേഹം ശരിയായ തർക്കവിശാരദനാണ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അത്രയ്ക്കങ്ങോട്ട് വിട്ടുകൊടുക്കാനുള്ള മനോഭാവത്തിലായിരുന്നില്ല. ചാൻസലർ പദവിയിൽ നിന്ന് നീക്കിക്കൊണ്ടുള്ള ബിൽ തട്ടിക്കൂട്ടും നിയമവിരുദ്ധവുമാണെന്ന് സമർത്ഥിക്കാൻ അദ്ദേഹം ഏതറ്റംവരെയും പോകാനൊരുക്കമായിരുന്നു. എന്നാൽ, സതീശന്റെയും പ്രതിപക്ഷത്തിന്റെയും പോക്ക് അപകടത്തിലേക്കാണെന്ന് മന്ത്രി രാജീവ് അവരെ ഓർമ്മിപ്പിച്ചു. "നിങ്ങൾ കാടോ മരങ്ങളോ കാണുന്നില്ല. ഏതെങ്കിലും കാലത്ത് പ്രതീക്ഷിക്കുന്ന അധികാരത്തിന്റെ മരക്കഷണമേ കാണുന്നുള്ളൂ"- മന്ത്രി പറഞ്ഞു.

ചൂടേറിയ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് സർവകലാശാലാ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള സർക്കാരിന്റെ സുപ്രധാനബിൽ സഭയിൽ ആദ്യകടമ്പ കടന്നത്. ഇനി സബ്ജക്ട് കമ്മിറ്റികളുടെ പരിശോധന കടന്നെത്തി വകുപ്പുതിരിച്ചുള്ള ചർച്ചയോടെ പാസാക്കണം. മുഖ്യമന്ത്രിക്ക് വേണ്ടി ബില്ലവതരിപ്പിച്ച മന്ത്രി രാജീവ് പ്രതിപക്ഷത്തെ ഇരുത്താനും കുത്താനും ആവത് ശ്രമിച്ചു. അതീവകരുതലോടെ അതിൽനിന്നെല്ലാം വഴുതി മാറിക്കൊണ്ടായിരുന്നു പ്രതിപക്ഷനേതാവിന്റെ സഞ്ചാരം.

യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകളടങ്ങിയ ബിൽ നിലനിൽക്കില്ലെന്ന്, സാങ്കേതിക സർവകലാശാലാ വി.സി നിയമനക്കേസിലെ ഏറ്റവുമൊടുവിലത്തെ സുപ്രീംകോടതിവിധി ഉയർത്തിക്കാട്ടി പ്രതിപക്ഷനേതാവ് തടസവാദമുയർത്തി. രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, ടി. സിദ്ദിഖ് എന്നിവർക്കും തടസവാദങ്ങളുണ്ടായി. മന്ത്രിമാരായ പ്രോചാൻസലർമാരുടെ മുകളിൽവയ്ക്കപ്പെടുന്ന ചാൻസലർമാർക്ക് മിനിമം യോഗ്യത ബില്ലിലില്ല, ധനകാര്യ മെമ്മോറാണ്ടം (ചെലവ് കണക്കുകൾ എന്ന് വ്യംഗ്യം) അവ്യക്തം എന്നിങ്ങനെ.

യു.ജി.സിയുടേത് മാർഗനിർദ്ദേശം മാത്രമാണെന്നാണ് മന്ത്രിയുടെ വാദം. " സംസ്ഥാനനിയമസഭ പാസാക്കിയ പൂർണനിയമം ഈ മാർഗനിർദ്ദേശത്തിന് മുകളിലേ നിൽക്കൂ. പുതിയ സുപ്രീംകോടതി വിധിയോടെ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യാധികാരമുള്ള വിദ്യാഭ്യാസം, കൃഷി പോലുള്ള വിഷയങ്ങളിൽ സംസ്ഥാനത്തിന്റെ ഏത് നിയമവും കേന്ദ്രത്തിന് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ റദ്ദാക്കാം. അതിനെ പിന്തുണയ്ക്കുന്ന പ്രതിപക്ഷം ഇന്ത്യൻ ജനാധിപത്യത്തിന്റെ കുരുതിക്കുള്ള സുപ്രധാന ചുവടുവയ്പാണ് നടത്തിയിരിക്കുന്നത്"- മന്ത്രി അപകടമുന്നറിയിപ്പ് കൊടുത്തു. പക്ഷേ സുപ്രീംകോടതി വിധി വന്നതോടെ അത് രാജ്യത്തിന്റെ നിയമമായില്ലേ എന്ന പ്രതിപക്ഷനേതാവിന്റെ സംശയം മാറിയില്ല. അതിന് വിരുദ്ധമായൊരു ബിൽ പറ്റുമോയെന്നാണ് ചോദ്യം.

ചാൻസലറായി ഗവർണർ വേണോ, വേണ്ടയോ എന്ന കുഴപ്പിക്കുന്ന ചോദ്യം ഭരണകക്ഷി എറിയുമെന്ന് പ്രതിപക്ഷനേതാവ് മുൻകൂട്ടി തിരിച്ചറിഞ്ഞത് കൊണ്ടാവാം, ആദ്യമേ അതിൽ വീഴാതിരിക്കാനുള്ള കൗശലം അദ്ദേഹം പ്രകടമാക്കി. ചാൻസലർ പദവി ഗവർണർക്ക് നിയമസഭ നിയമനിർമാണത്തിലൂടെ അനുവദിച്ച് കൊടുത്തതായതിനാൽ അത് പിൻവലിക്കാനും സഭയ്ക്കവകാശമുണ്ടെന്ന് സതീശൻ തടസവാദത്തിനിടെ വ്യക്തമാക്കി. എന്നാലിപ്പോഴത്തെ ബില്ലിലെ പാകപ്പിഴകളാണ് പ്രശ്നമെന്നാണ് നിലപാട്.

പ്രതീക്ഷിച്ചത് പോലെ ചർച്ചയ്ക്കൊടുവിൽ മന്ത്രി രാജീവ് ഈ ചോദ്യം കൃത്യമായെറിഞ്ഞു. പ്രതിപക്ഷനേതാവ് പിടിച്ചുനിന്നു. ഗവർണറുടെ കാര്യത്തിൽ ലീഗിന് ഭിന്നനിലപാടുണ്ടെന്ന് തിരിച്ചറിഞ്ഞ ഭരണകക്ഷിക്കാർ ചൂണ്ടയെറിഞ്ഞ് ലീഗിനെ കുരുക്കാൻ നോക്കാതിരുന്നില്ല. മുഖ്യമന്ത്രിയും ഗവർണറും ചക്കരയും പീരയുമായിരുന്നില്ലേയെന്ന് രമേശ് ചെന്നിത്തലയും കന്നാസും കടലാസുമായിരുന്നില്ലേയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും ചോദിച്ചു.

ഒരുവേള, മന്ത്രി രാജീവും പ്രതിപക്ഷവും നേർക്കുനേർ പോരാട്ടമായപ്പോൾ കാഴ്ചക്കാരനായ സ്പീക്കർ എ.എൻ. ഷംസീറിന് അരിശം വന്നു. 'ന്നാ താൻ കേസ് കൊട്' സിനിമയിലെ ജഡ്ജിയെപ്പോലെ അദ്ദേഹം വയലന്റായി: "നിങ്ങളിങ്ങനെ അങ്ങോട്ടുമിങ്ങോട്ടും നോക്കിപ്പറഞ്ഞാൽ ഞാനെന്തിനിവിടെയിരിക്കണം? ഇറങ്ങിപ്പോണോ?"

സഭാതലത്തെ ഗൗരവത്തിലാക്കിയ സംവാദമാണ് സർവകലാശാലാ ഭേദഗതിബില്ലുകളിന്മേൽ നടന്നതെന്നതിൽ തർക്കമില്ല. വിലക്കയറ്റമായിരുന്നു ശൂന്യവേളയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നത് പോലെയാണ് വിലക്കയറ്റമെന്ന പ്രതിപക്ഷ ആരോപണത്തെ മന്ത്രി ജി.ആർ. അനിൽ കണ്ടത്. മന്ത്രി ഏതോ വെള്ളരിക്കാപട്ടണത്തിലാണോയെന്ന് പ്രമേയനോട്ടീസ് നൽകി സംസാരിച്ച ടി.വി. ഇബ്രാഹിം സംശയിച്ചു. പാവങ്ങൾ വിലക്കയറ്റത്താൽ പൊറുതിമുട്ടുമ്പോൾ അവർ തിരഞ്ഞെടുത്ത സർക്കാരിന്റെ സാന്നിദ്ധ്യമുണ്ടോ എന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.

Advertisement
Advertisement