ട്രാക്കില്ലാതെ ഓടുന്നവർ

Thursday 08 December 2022 12:00 AM IST

കേരളത്തിന് നിരവധി കായികതാരങ്ങളെ സംഭാവന ചെയ്ത മണ്ണാണ് ഇടുക്കി. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ജില്ലയിൽ നിന്നുള്ള താരങ്ങൾ കായികരംഗങ്ങളിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുന്നത്. ഇപ്പോൾ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും വേണ്ടത്ര പരിശീലനമില്ലാതെയാണ് മത്സരിച്ചത്. പല സ്‌കൂളുകളിലും കായിക അദ്ധ്യാപകരില്ലാത്തതാണ് പ്രശ്‌നം. ജില്ലയിലെ 496 സ്‌കൂളുകളിൽ 51 എയ്ഡഡ് സ്‌കൂളുകളിലും 16 സർക്കാർ സ്‌കൂളുകളിലും മാത്രമാണ് കായിക അദ്ധ്യാപകരുള്ളത്. തൊടുപുഴ ഉപജില്ലയിലെ ഒരു സർക്കാർ സ്‌കൂളിൽ പോലും കായിക അദ്ധ്യാപകരില്ല. കട്ടപ്പന ഉപജില്ലയിൽ രണ്ട് പേരും അറക്കുളത്ത് ഒരാളും മൂന്നാറിൽ മൂന്ന് പേരുമാണ് സർക്കാർ സ്‌കൂളുകളിൽ കായിക അദ്ധ്യാപകരുടെ പ്രാതിനിധ്യം. ഭൂരിഭാഗം മാനേജ്‌മെന്റ് സ്‌കൂളിലും കായിക അദ്ധ്യാപകർ സ്‌കൂളിന് പുറത്താണ്. മലയോര മേഖലയിലെ ചില സ്‌കൂളിലെ കായിക പ്രതിഭകളായ കുട്ടികൾ പരിശീലനത്തിന് മറ്റ് സ്‌കൂളുകളിലെ അദ്ധ്യാപകരെ ആശ്രയിക്കേണ്ട ഗതികേടിലാണ്. അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിൽ കായികവിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാണെങ്കിലും അദ്ധ്യാപകരില്ലാത്തതിനാൽ ഇതുമായി ബന്ധപ്പെട്ട പഠനം നടക്കുന്നില്ല. യു.പി വിഭാഗത്തിൽ അഞ്ഞൂറ് കുട്ടികളും ഹൈസ്‌കൂളിൽ എട്ട്, ഒമ്പത് ക്ലാസുകളിലായി അഞ്ച് ഡിവിഷനുകളും ഉണ്ടെങ്കിലേ കായിക അദ്ധ്യാപകനെ നിയമിക്കാവൂ എന്നാണ് ചട്ടം. കുട്ടികളുടെ കുറവ് നേരിടുന്ന സ്‌കൂളുകളിൽ കായിക അദ്ധ്യാപകർക്ക് സ്ഥാനമില്ലാതെ പോകുന്നത് ഈ മാനദണ്ഡം മൂലമാണ്. യു.പി വിഭാഗത്തിലെ പരിധി മുന്നൂറായി കുറയ്ക്കണമെന്നും ഹൈസ്‌കൂളിൽ പത്താം ക്ലാസ് ഡിവിഷനുകൾ കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ജില്ലയിലെ കായിക അദ്ധ്യാപകർ ചട്ടപ്പടി സമരം നടത്തുകയും അധികൃതർക്ക് നിവേദനം നൽകുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ജില്ലാ സ്‌കൂൾ കായികമേളയിൽ ഹൈറേഞ്ച് മേഖലയിലെ ചില സ്‌കൂളുകൾ ഒഴിച്ചാൽ മറ്റ് സ്‌കൂളുകളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതെ പോയതിന് പിന്നിൽ പരിശീലനത്തിന്റെ കുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലയിലെ ഒരു സ്‌കൂളിലും സിന്തറ്റിക് ട്രാക് ഇല്ലെന്നതും എടുത്തുപറയേണ്ടതാണ്. 200 മീറ്റർ ട്രാക് പോലും വിരിലിലെണ്ണാവുന്ന സ്‌കൂളുകളിൽ മാത്രമാണുള്ളത്. സ്‌പോർട്‌സ് ഹോസ്റ്റലുകളുടെ പ്രവർത്തനം താളം തെറ്റിയ അവസ്ഥയിലാണ്. മൈതാനങ്ങൾ പോലുമില്ലാത്ത സ്‌കൂളുകളും ജില്ലയിൽ നിരവധിയാണ്. ഹൈജമ്പിനും പോൾവാട്ടിനുമുള്ള പരിശീലന സൗകര്യങ്ങളും പേരിന് മാത്രമാണ്. കായിക അദ്ധ്യാപകരെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തി ചിട്ടയായ പരിശീലനം നൽകിയാൽ ഇവരെ ഭാവി വാഗ്ദാനങ്ങളായി വളർത്തിയെടുക്കാനാകുമെങ്കിലും ഇതിനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ല.

ഉള്ളതാകട്ടെ

പ്രയോജനപ്പെടുത്തുന്നില്ല

കോടികൾ മുടക്കി നിർമിച്ച മൂന്നാർ ഹൈ ആൾറ്റിറ്റ്യൂഡ് സ്റ്റേഡിയം കാട് കയറി നശിക്കുന്ന അവസ്ഥയാണ്. കായികതാരങ്ങൾക്കായി രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഹൈ ആൾറ്റിറ്റ്യൂഡ് പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ് മൂന്നാറിലേത്. ദേശീയ, അന്തർദേശീയ നിലവാരത്തിലുള്ള കായികതാരങ്ങൾക്ക് ഇവിടെ താമസിച്ച് മികച്ച രീതിയിൽ പരിശീലനം നടത്തുന്നതിനുള്ള സൗകര്യങ്ങളാണ് ലക്ഷ്യമിട്ടത്. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ മുൻകൈയെടുത്ത് മൂന്നാറിലെ 15 ഏക്കർ സ്ഥലത്ത് 7.25 കോടി മുതൽ മുടക്കിൽ 2008ലാണ് സ്റ്റേഡിയം നിർമ്മിച്ചത്. വിദേശരാജ്യങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങളെ അവിടുത്തെ കാലവസ്ഥയോട് പൊരുത്തപ്പെടാനാകും വിധം പരിശീലനം നടത്തി പ്രാപ്തരാക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന കായിക താരങ്ങളെ ഇവിടെ താമസിപ്പിച്ച് പരിശീലനം നൽകാനും പദ്ധതി തയ്യാറാക്കി. കായിക താരങ്ങൾക്ക് താമസിക്കാനുള്ള ഹോസ്റ്റൽ, വിശാലമായ മൈതാനം എന്നീ സൗകര്യങ്ങളും ഒരുക്കിയിരുന്നു. പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ കഴിയുന്ന വിധം അന്താരാഷ്ട്ര നിലവാരത്തിലുള്ള ജിംനേഷ്യം, ഫിൽട്രേഷൻ പ്ലാന്റ് എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരുന്നു. എന്നാൽ, ചുരുക്കം ചില പരിശീലന പരിപാടികൾ ഒഴിച്ചാൽ മറ്റൊന്നും നാളിതുവരെ നടന്നിട്ടില്ല. ഭൂപ്രകൃതികൊണ്ടും കാലാവസ്ഥകൊണ്ടും അനുയോജ്യമായ ഇത്തരമൊരു സ്ഥലം കായികപരിശീലനത്തിന് സംസ്ഥാനത്ത് വേറെ ഇല്ലെന്നിരിക്കെയാണ് കോടികൾ ചെലവിട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കാതിരിക്കുന്നത്. അത്‌ലറ്റുകൾക്ക് പരിശീലനം നൽകാനുള്ള സൗകര്യമൊരുക്കണം എന്ന മുറവിളി വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും കായിക വകുപ്പോ അധികൃതരോ ചെവിക്കൊണ്ടിട്ടില്ല. സ്റ്റേഡിയം നവീകരണം സംബന്ധിച്ച് ഇടക്കിടെയുണ്ടായ പ്രഖ്യാപനങ്ങളും ജനപ്രതിനിധികളുടെ വഴിപാട് സന്ദർശനങ്ങളും മാത്രമാണ് ബാക്കി. പ്രാദേശിക തലത്തിൽ ഫുട്ബാൾ താരങ്ങളായ കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം നൽകാൻ ആവിഷ്‌കരിച്ച പദ്ധതിയും ഫലം കണ്ടില്ല. കോടികൾ ചെലവിട്ട് ഹോസ്റ്റൽ നവീകരിച്ചെങ്കിലും പരിശീലന പരിപാടികൾ ആരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതോടെ കായിക താരങ്ങൾക്ക് പകരം കാലികൾ മേയുന്നയിടമായി ഹൈ ആൾറ്റിറ്റിയൂട്ട് സ്റ്റേഡിയം മാറി.

ഇങ്ങനെയും ചില മാതൃകകൾ

രണ്ടാഴ്ച മുമ്പ് കട്ടപ്പനയിൽ നടന്ന ഇടുക്കി റവന്യൂ ജില്ലാ കായികമേളയിൽ 15 കുട്ടികളുമായെത്തി ഹൈറേഞ്ച് സപോർട്‌സ് അക്കാഡമി എന്ന സ്ഥാപനം 12 സ്വർണ്ണവും ആറ് വെള്ളിയും മൂന്ന് വെങ്കലവും നേടി. കായികമേളയിലെ സബ് ജൂനിയർ വിഭാഗം പെൺകുട്ടികളിലെ വ്യക്തിഗത ചാമ്പ്യനും സീനിയർ ആൺകുട്ടികളിലെ വ്യക്തിഗത ചാമ്പ്യനും ഈ അക്കാഡമിയിൽ പരിശീലിച്ചവരായിരുന്നു. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനമാണെങ്കിലും ഒരു പൈസ പോലും സർക്കാർ സഹായമില്ലാതെയാണ് മുഖ്യ പരിശീലകൻ സന്തോഷ് ജോർജും സഹപരിശീലക ബിനോഫ സനീഷും ഈ സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നത്. നിലവിൽ 15 പേരാണ് ഇവരുടെ കീഴിൽ അക്കാഡമിയിൽ പരിശീലിക്കുന്നത്. 2016ൽ അക്കാഡമി തുടങ്ങിയത് പെരുവന്താനം പഞ്ചായത്തിനു കീഴിലായിരുന്നു. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ബിനുവാണ് അക്കാഡമി തുടങ്ങാൻ മുൻകൈയെടുത്തത്. 2018 ൽ സന്തോഷ് ജോർജ് പരിശീലകനായെത്തിതോടെ അക്കാഡമിയുടെ നിലവാരം ഉയർന്നു. അതുവരെ വേനലവധിക്കാലത്ത് മാത്രമായിരുന്നു പരിശീലനം നൽകിയിരുന്നത്. പല സകൂളുകളിലെയും വിദ്യാർത്ഥികൾ പരിശീലനത്തിന് എത്തുന്നുണ്ട്. നിലവിൽ യാതൊരുവിധ ധനസഹായവും ലഭിക്കാത്ത അക്കാഡമി സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. എന്നിട്ടും പരിശീലനത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്താതെ മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്നുവെന്നതാണ് അക്കാഡമിയുടെ പ്രത്യേകത.

Advertisement
Advertisement