എട്ടു വയസുകാരൻ കുഴൽക്കിണറിൽ വീണു

Thursday 08 December 2022 2:12 AM IST

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ബേതുൽ ജില്ലയിൽ എട്ടു വയസുകാരൻ കുഴൽക്കിണറിൽ വീണു. കുട്ടിയ്ക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കൃഷിസ്ഥലത്തോട് ചേർന്നുള്ള മൈതാനത്ത് കളിച്ചു കൊണ്ടിരിക്കെ തൻമയ് സാഹു എന്ന കുട്ടി 55 അടി താഴ്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. വിവരം അറിഞ്ഞതു മുതൽ രക്ഷാപ്രവർത്തനം ആരംഭിച്ചെന്നും ഇന്നലെ പുലർച്ചെ 2.30ഓടെ ഭോപ്പാൽ, ഹോഷംഗബാദ് എന്നിവിടങ്ങളിൽ നിന്ന് എസ്.ഡി.ആർ.എഫ് സേനകൾ എത്തിയെന്നും പൊലീസ് പറഞ്ഞു. ഓക്സിജൻ നല്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. നിലവിൽ പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ അബോധാവസ്ഥയിലായിരിക്കാം കുട്ടിയെന്നും അദ്ദേഹം പറഞ്ഞു. സംഭവം ദുഃഖകരമാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രാദേശിക ഭരണകൂടത്തിന് നിർദ്ദേശം നല്കിയെന്നും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കുട്ടിക്കായി പ്രാർത്ഥിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വർഷം മുമ്പ് കുത്തിയ കുഴൽക്കിണർ വെള്ളം കാണാത്തതിനെത്തുടർന്ന് ഇരുമ്പ് പാളി കൊണ്ട് മൂടിയെന്നും കുട്ടി എങ്ങനെ വീണുവെന്ന് അറിയില്ലെന്നും സ്ഥലം ഉടമ പ്രതികരിച്ചു.