രംഗനാഥ കമ്മിഷൻ റിപ്പോർട്ട് സ്വീകരിക്കില്ലെന്ന് കേന്ദ്രസർക്കാർ

Thursday 08 December 2022 3:19 AM IST

ന്യൂഡൽഹി: മതപരിവർത്തനം നടത്തിയ പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണാനുകൂല്യം നൽകണമെന്ന ജസ്റ്റിസ് രംഗനാഥ കമ്മിഷൻ റിപ്പോർട്ട് സ്വീകരിക്കുന്നില്ലെന്നും മുൻ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പുതിയ കമ്മിഷനെ നിയോഗിച്ചെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽ നിന്ന് മതപരിവർത്തനം നടത്തിയവർക്കും സംവരണാനുകൂല്യം ലഭ്യമാക്കണമെന്ന ഹർജി പരിഗണിക്കുന്നത് 2023 ജനുവരിയിലേക്ക് മാറ്റി. 2022 ഒക്ടോബറിലാണ് ഇതിനായി മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്. സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന് വേണ്ടി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് അഭയ് എസ്. ഓക, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പ്രശ്നം പരിശോധിക്കാൻ പുതിയ കമ്മിഷനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്ര സർക്കാർ അടുത്തിടെ രൂപീകരിച്ച കമ്മിഷന്റെ റിപ്പോർട്ടിനായി കാത്തിരിക്കണോയെന്നതാണ് ആദ്യം പരിഗണിക്കേണ്ട വിഷയമെന്ന് ബെഞ്ച് സൂചിപ്പിച്ചു. മതപരിവർത്തനം നടത്തിയ ദളിത് ക്രിസ്ത്യാനികൾക്കും പട്ടികജാതി പദവി നൽകാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് നാഷണൽ കൗൺസിൽ ഒഫ് ദളിത് ക്രിസ്ത്യൻ എന്ന സംഘടന 2020ൽ സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് നൽകിയിരുന്നു.

Advertisement
Advertisement