കൊവിഡ് നയത്തിൽ വിട്ടുവീഴ്ചയുമായി ചൈന

Thursday 08 December 2022 5:02 AM IST

ബീജിംഗ് : ജനകീയ പ്രതിഷേധങ്ങൾക്ക് പിന്നാലെ സീറോ കൊവിഡ് നയത്തിൽ വ്യാപക ഇളവുകൾ വരുത്തി ചൈന. മാസങ്ങളോളം നീണ്ട അടച്ചുപൂട്ടലുകൾക്കിടെയിലും കേസുകൾ ഉയർന്ന പശ്ചാത്തലത്തിൽ കഴിഞ്ഞാഴ്ച ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധങ്ങൾ കനത്തതോടെ പലയിടത്തും ലോക്ക്ഡൗണുകളിലും മറ്റും ചൈന ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. അതേ സമയം, പുതിയ ഇളവുകൾ പ്രകാരം രാജ്യത്തിന്റെ അതിർത്തികൾ അടഞ്ഞുകിടക്കും. രാജ്യത്തിന് പുറത്തുനിന്നെത്തുന്നവർക്ക് ഒരാഴ്ച ക്വാറന്റൈനും തുടരും. ചൈനീസ് നാഷണൽ ഹെൽത്ത് കമ്മിഷൻ ഇന്നലെ പ്രഖ്യാപിച്ച നിയന്ത്രണ ഇളവുകൾ ഇവ;

 ഹോം ക്വാറന്റൈൻ

 ഇപ്പോൾ : നേരിയ ലക്ഷണങ്ങൾ ഉള്ളതോ ലക്ഷണങ്ങൾ ഇല്ലാത്തതോ ആയ കൊവിഡ് രോഗികൾക്ക് വീട്ടിൽ ഐസൊലേഷനിൽ കഴിയാം. സർക്കാർ കേന്ദ്രങ്ങളിൽ കഴിയേണ്ട

മുമ്പ് : കൊവിഡ് പോസിറ്റീവ് ആയവർക്കും അവരുമായി അടുത്ത സമ്പർക്കം പുലർത്തിയവരും ആശുപത്രികളിലോ സർക്കാർ ഐസൊലേഷൻ സെന്ററുകളിലോ നിർബന്ധിത ക്വാറന്റൈൻ. ഇത്തരം കേന്ദ്രങ്ങളിൽ മോശം ഭക്ഷണം മുതൽ ജലക്ഷാമം ഉൾപ്പെടെയുള്ള പരാതികൾ ഉയർന്നു

 ഇപ്പോൾ : പനി, ജലദോഷം എന്നിവയ്ക്ക് മരുന്ന് വാങ്ങാൻ നിയന്ത്രണമില്ല.

മുമ്പ് : പനിയുള്ളവർ ക്ലിനിക്കുകളിലെത്തി കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണം

 ലോക്ക്ഡൗൺ

 ഇപ്പോൾ : പെട്ടെന്നുള്ള ലോക്ക്ഡൗണുകൾ നിശ്ചിത ബിൽഡിംഗ്, യൂണിറ്റ്, കെട്ടിടങ്ങളുടെ നിലകൾ തുടങ്ങി കേസുകൾ കൂടുതൽ കൃത്യമായി തിരിച്ചറിഞ്ഞ മേഖലകളിൽ

മുമ്പ് : ഒരു പ്രദേശമോ നഗരമോ മുഴുവനായി അടച്ചുപൂട്ടി

 ഇപ്പോൾ : അഞ്ച് ദിവസം തുടർച്ചയായി കേസുകളില്ലെങ്കിൽ ലോക്ക്ഡൗൺ പിൻവലിക്കും

മുമ്പ് : മാസങ്ങളോളം നീണ്ടേക്കാവുന്ന ലോക്ക്ഡൗൺ

 ഇപ്പോൾ : വ്യാപക കേസുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ സ്കൂളുകൾ തുറക്കാം

മുമ്പ് : കേസ് റിപ്പോർട്ട് ചെയ്താൽ സ്കൂളുകൾ അടയ്ക്കും

 ഇപ്പോൾ : എല്ലാവർക്കും അടിയന്തര ചികിത്സ ഉറപ്പാക്കണം

മുമ്പ് : കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ മറ്റ് ചികിത്സകൾ വൈകുന്നതായി വ്യാപക പരാതി

 പരിശോധന

 ഇപ്പോൾ : ആരോഗ്യം, ഡെലിവറി തുടങ്ങി ' ഹൈ - റിസ്ക് " മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മാത്രം സ്ഥിര കൊവിഡ് ടെസ്റ്റ്. ബാക്കി മേഖലകളിൽ അതത് കമ്പനികൾക്ക് തീരുമാനിക്കാം

മുമ്പ് : എല്ലാ ജോലിസ്ഥലങ്ങളിലും വ്യാപക കൊവിഡ് ടെസ്റ്റ്

 ഇപ്പോൾ : പ്രവിശ്യകൾക്കിടെയിൽ 48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര നടത്താം. പാർക്കുകളിലും ഇതിന്റെ ആവശ്യമില്ല

മുമ്പ് : പൊതുഗതാഗതം, പൊതുഇടങ്ങൾ എന്നിവിടങ്ങളിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

 ഹെൽത്ത് കോഡ്

 ഇപ്പോൾ : നഴ്സിംഗ് ഹോം, മെഡിക്കൽ സ്ഥാപനങ്ങൾ, കിന്റർഗാർട്ടൻ, മിഡിൽ സ്കൂൾ, ഹൈ സ്കൂൾ എന്നിവിടങ്ങളിലെ മാത്രം പ്രവേശനത്തിന് ഗ്രീൻ ഹെൽത്ത് കോഡ്

മുമ്പ് : പൊതുകെട്ടിടങ്ങളിൽ പ്രവേശിക്കാൻ ഹെൽത്ത് കോഡ് വേണം. ഹെൽത്ത് കോഡുകൾ അധികൃതർ ദുരുപയോഗം ചെയ്യുന്നതായി പരാതി

Advertisement
Advertisement