മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കും : യു.എസ്
വാഷിംഗ്ടൺ : വൈവിദ്ധ്യമാർന്ന വിശ്വാസങ്ങളുടെ നാടാണ് ഇന്ത്യയെന്നും എല്ലാവരുടെയും മതസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പ്രതിബന്ധതകൾ ഉയർത്തിപ്പിടിക്കാൻ ബൈഡൻ ഭരണകൂടം ഇന്ത്യയെ പ്രോത്സാഹിപ്പിക്കുമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ്.
മനുഷ്യാവകാശ പ്രശ്നങ്ങളുടെ പേരിൽ ഇന്ത്യയെ എന്തുകൊണ്ട് ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ചേർക്കുന്നില്ലെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നെഡ് പ്രൈസ്.
ചൈന, പാകിസ്ഥാൻ, മ്യാൻമർ തുടങ്ങിയ 12 രാജ്യങ്ങളെ ' പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളു"ടെ പട്ടികയിലേക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വെള്ളിയാഴ്ച ഉൾപ്പെടുത്തിയിരുന്നു.
നിലവിലെ മതസ്വാതന്ത്ര്യത്തിന്റെ അവസ്ഥ പരിഗണിച്ചാണ് ഈ രാജ്യങ്ങളെ യു.എസ് ആശങ്കയുള്ളവയുടെ പട്ടികയിൽ പെടുത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാരും സർക്കാർ ഇതര അധികാരികളും വിശ്വാസങ്ങളുടെ പേരിൽ ജനങ്ങളെ കൊല്ലുകയും ഉപദ്രവിക്കുകയും ജയിലിലടയ്ക്കുകയും ചെയ്യുന്നതായി നെഡ് പ്രൈസ് പറഞ്ഞു.
അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള തങ്ങളുടെ വാർഷിക റിപ്പോർട്ടിൽ ഇന്ത്യയെ സംബന്ധിച്ച് തങ്ങൾ ശ്രദ്ധിച്ച ചില ആശങ്കകളുടെ രൂപരേഖ പ്രകടമാണെന്നും ഇന്ത്യയുൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളിലെയും മതസ്വാതന്ത്ര്യ സാഹചര്യം ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നുണ്ടെന്നും നെഡ് പ്രൈസ് വ്യക്തമാക്കി.