മോദിയുടെ നാട്ടിൽ ഏഴാംതവണയും താമരപാടം; എക്‌സിറ്റ് പോൾ പ്രവചനങ്ങളെ കടത്തിവെട്ടി ബി ജെ പി കുതിപ്പ്, കിതച്ച് കോൺഗ്രസ്

Thursday 08 December 2022 10:37 AM IST

ഗാന്ധിനഗർ: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗുജറാത്തിൽ എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങൾ മറികടന്ന് ബിജെപിയുടെ കുതിപ്പ്. 156 സീറ്റുകളുടെ ലീഡുമായി ബി ജെ പി മുന്നേറുകയാണ്. 27 വർഷമായി ഗുജറാത്ത് ഭരിക്കുന്ന ബി ജെ പി അധികാര തുടർച്ച നേടുമെന്നായിരുന്നു എക്‌സിറ്റ് പോൾ സർവെ ഫലങ്ങൾ.കോൺഗ്രസ് വൻ തിരിച്ചടി നേരിടുമെന്നും ആം ആദ്‌മി പാർട്ടി അക്കൗണ്ട് തുറന്ന് 21 സീറ്റുകൾവരെ നേടുമെന്നായിരുന്നു പ്രവചനങ്ങൾ.

ഗുജറാത്തിലെ 182 അംഗ നിയമസഭയിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 46 ശതമാനം വോട്ടുനേടി 129 മുതൽ 151 വരെ സീറ്റുകൾ ബി ജെ പി നേടുമെന്നായിരുന്നു ഇന്ത്യാ ടുഡേ മൈ ആക്‌സിസ് പ്രവചനം. ബി ജെ പി 148 സീറ്റുകൾ നേടുമെന്ന് റിപ്പബ്ളിക് ടിവിയും 140 വരെ സീറ്റുകൾ നേടുമെന്ന് ന്യൂസ് എക്‌സും പ്രചചിച്ചിരുന്നു. കോൺഗ്രസിന്റെ വോട്ടുവിഹിതത്തിൽ പത്ത് ശതമാനം വരെ കുറവുണ്ടാകും. ആം ആദ്‌മി പാർട്ടി പതിനഞ്ച് ശതമാനം വരെ സീറ്റുകൾ നേടുമെന്നും എക്‌സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങൾ പുറത്തുവരുമ്പോൾ എക്‌സിറ്റ് പോളുകളുടെ പ്രചനങ്ങൾ ബി ജെ പി കടത്തിവെട്ടുമെന്നാണ് സൂചന. അതേസമയം, കോൺഗ്രസ് 17 സീറ്റുകളിലേയ്ക്ക് ചുരുങ്ങിയിട്ടുണ്ട്. ഡൽഹി കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത ആം ആദ്‌മിയ്ക്ക് അഞ്ച് സീറ്റുകൾ മാത്രമാണ് നേടാനായത്.

ഗുജറാത്തിൽ 33 ജില്ലകളിലായി 37 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുന്നത്. 182 ഒബ്സർവർമാർ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളിൽ തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിരിക്കുന്നത്. മൂന്ന് നിര സുരക്ഷാ ക്രമീകരണങ്ങളും ഓരോ കേന്ദ്രത്തിലും ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടമായും ഹിമാചൽ പ്രദേശിലെ 68 സീറ്റുകളിലേയ്ക്ക് ഒറ്റഘട്ടമായി നവംബർ 12നുമാണ് തിരഞ്ഞെടുപ്പ് നടന്നത്.