10 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു: ഗുജറാത്തിൽ വിജയം ബിജെപിക്ക് മാത്രമല്ല, ആം ആദ്‌മി സ്വന്തമാക്കാൻ പോകുന്നത് എന്താണെന്ന് അറിയുമോ?

Thursday 08 December 2022 11:02 AM IST

അഹമ്മദാബാദ്: താമരക്കൂറുള്ള മണ്ണായ ഗുജറാത്തിൽ അക്കൗണ്ട് തുറക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ തന്നെയാണ് ആം ആദ്‌മി പാർട്ടി. അങ്ങനെ സംഭവിച്ചാൽ അരവിന്ദ് കേജ്‌രിവാളിന്റെ ഏറ്റവും വലിയ സ്വപ്‌നവും ലക്ഷ്യവുമാണ് സഫലമാകാൻ പോകുന്നത്. ദേശീയപാർട്ടി എന്ന പദവി ആപ്പിന് സ്വന്തമാകും. പിറവിയെടുത്ത് പത്ത് വർഷം പൂർത്തിയാകുമ്പോഴാണ് ആപ്പിന് രാജ്യത്തെ നിലവിലെ ഏഴ് രാഷ്‌ട്രീയ പാർട്ടികളുടെ കൂട്ടത്തിൽ ചേരുന്നതിന് യോഗമുണ്ടാകുന്നത്. അത് സംഭവിക്കുന്നതോടു കൂടി 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വൻ ചലനം സൃഷ്‌ടിക്കാൻ തങ്ങൾക്കാകുമെന്ന ഉറച്ച വിശ്വാസം കേജ്‌രിവാളിനും കൂട്ടർക്കുമുണ്ടാകുമെന്നതിൽ സംശയമില്ല.

ഇന്ത്യയിൽ ഒരു രാഷ്‌ട്രീയ പാർട്ടിക്ക് ദേശീയ പദവി കിട്ടണമെങ്കിൽ ചില നിബന്ധനകളുണ്ട്. ആദ്യമായി നാല് സംസ്ഥാനങ്ങളിൽ പ്രസ്തുത പാർട്ടി അംഗീകരിക്കപ്പെടണം. മാത്രമല്ല ഇവിടങ്ങളിൽ കുറഞ്ഞത് രണ്ട് നിയമസഭാ സീറ്റുകളിലെങ്കിലും വിജയിക്കുകയും ആറ് ശതമാനം വോട്ട് സമാഹരിക്കുകയും വേണം. 2021ൽ സൂറത്തിൽ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർത്ത് എഎപി മുന്നിൽ വന്നിരുന്നു. അന്ന് 28 ശതമാനം വോട്ടാണ് ആപ്പ് അവിടെ നേടിയത്.

ഡൽഹി, പഞ്ചാബ് എന്നിവിടങ്ങിലെ ഭരണവും, ഗോവയിലെ മിന്നുന്ന പ്രകടനവും ആപ്പിനെ ബിജെപിയോട് കിടപിടക്കുന്ന പ്രസ്ഥാനമാക്കി മാറ്റിക്കഴിഞ്ഞു. ഗുജറാത്തിൽ വേരുറപ്പിക്കുന്നതോടെ 2024ൽ മോദിക്ക് എതിരാളിയായി കേജ്‌രിവാളും ആപ്പും മാറുമെന്നതിൽ സംശയമില്ല.