സി പി എമ്മിന്റെ ഒരേയൊരു കനൽതരിയും കെട്ടു, ഹിമാചലിൽ വമ്പൻ പ്രഹരം, സിറ്റിംഗ് എം എൽ എ പിന്തള്ളപ്പെട്ടത് നാലാം സ്ഥാനത്തേയ്ക്ക്

Thursday 08 December 2022 4:09 PM IST

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടണ്ണൽ അവസാനഘട്ടത്തിലെത്തുമ്പോൾ ബി ജെ പിയ്ക്ക് തിരിച്ചടി നൽകി കോൺഗ്രസ് വിജയം ഉറപ്പിക്കുകയാണ്. 39 സീറ്റുമായി കോൺഗ്രസ് മുന്നേറുമ്പോൾ 26 സീറ്റുകൾ മാത്രമാണ് ഭരണകക്ഷിയായ ബി ജെ പിയ്ക്ക് നേടാനായത്. എന്നാൽ ഇതിനിടെ കനത്ത പ്രഹരമേറ്റത് സി പി എമ്മിനാണ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ ഏകസീറ്റും ഇത്തവണ സി പി എമ്മിന് നഷ്ടമായിരിക്കുകയാണ്. ഹിമാചലിലെ ഷിംല ജില്ലയിൽ തിയോഗ് മണ്ഡലമാണ് സി പി എമ്മിന് നഷ്ടമായിരിക്കുന്നത്. തിയോഗിലെ സിറ്റിംഗ് സീറ്റിൽ മത്സരിച്ച സി പി എം സ്ഥാനാർത്ഥി രാകേഷ് സിംഗയെ കോൺഗ്രസിന്റെ കുൽദീപ് സിംഗാണ് തോൽപ്പിച്ചത്.

ബി ജെ പി സ്ഥാനാർത്ഥി അജയ് ശ്യാം, എ എ പി സ്ഥാനാർത്ഥി അട്ടർ സിംഗ് ചന്ദേൽ, സ്വതന്ത്രസ്ഥാനാർത്ഥിയായ ഇന്ദു വർമ എന്നിവരായിരുന്നു മറ്റ് എതിരാളികൾ. അജയ് ശ്യാമിനും ഇന്ദുവർമ്മയ്ക്കും പിന്നിൽ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് രാകേഷ് സിംഗ. ആകെ ലഭിച്ചത് പന്ത്രണ്ടായിരത്തോളം വോട്ടുകളും.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ രാകേഷ് വർമയെ പിന്തള്ളി ഇരുപത്തിയയ്യായിരത്തോളം വോട്ടുകൾ നേടിയാണ് രാകേഷ് സിംഗ നിയമസഭയിലെത്തിയത്. 42.18 ശതമാനം വോട്ട് നേടിയ അദ്ദേഹത്തിന് അന്ന് 1983 വോട്ടുകളുടെ ഭൂരിപക്ഷവും ഉണ്ടായിരുന്നു. 2012ല്‍ ഷിംല മുനിസിപ്പല്‍ കോര്‍പറേഷനിലേയ്ക്ക് നേരിട്ട് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍, മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ നേടിയതു സിപിഎമ്മായിരുന്നു.

Advertisement
Advertisement