ജർമനിയിൽ സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മുൻ ജഡ്ജി ഉൾപ്പെടെ 25 പേ‌ർ അറസ്റ്റിൽ

Thursday 08 December 2022 5:06 PM IST

ബ‌ർലിൻ: സായുധ കലാപത്തിലൂടെ സർക്കാരിനെ അട്ടിമറിക്കാൻ തീവ്രവലതുപക്ഷ സംഘങ്ങൾ ഒരുങ്ങുന്നുവെന്ന സംശയത്തിൽ ജ‌ർമനിയിൽ വ്യാപക പൊലീസ് റെയ്‌ഡ്. സ്വയം പ്രഖ്യാപിത പരമാധികാരിയും മുൻ ജഡ്ജിയും ഉൾപ്പെടെ നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ അട്ടിമറി നീക്കത്തെക്കുറിച്ച് റഷ്യൻ ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാൽ റഷ്യയുടെ പിന്തുണ ലഭിച്ചോയെന്ന് വ്യക്തമല്ല.

വിദേശ മാദ്ധ്യമ റിപ്പോർട്ട് അനുസരിച്ച് 25 പേരെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ റഷ്യക്കാർ അടക്കം മൂന്ന് വിദേശികളുമുണ്ട്. രാജ്യത്തെ 16 ൽ 11 സംസ്ഥാനങ്ങളിൽ 130 കേന്ദ്രങ്ങളിലായി മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. സേനാ ബാരക്കുകളിലും പരിശോധന നടന്നു. സൈന്യത്തിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരും അട്ടിമറി സംഘത്തിൽ ഉണ്ടായിരുന്നതായി ജർമൻ അധികൃതർ വ്യക്തമാക്കുന്നു.

കഴിഞ്ഞ വ‌ർഷം രൂപമെടുത്ത ഭീകരസംഘടന പാ‌ർലമെന്റ് ആക്രമിക്കാൻ തയാറെടുപ്പുകൾ നടത്തുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഓസ്ട്രിയ ഇറ്റലി എന്നീ രാജ്യങ്ങളിലും രണ്ട് പേ‌ർ പിടിയിലായിട്ടുണ്ട്. ഈ സംഘടനയിൽ 21,000 അംഗങ്ങളുണ്ടെന്നാണ് പൊലീസ് നിഗമനം. ഇപ്പോഴത്തെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് 1871ലെ ജർമൻ സാമ്രാജ്യ മാതൃകയിൽ പുതിയ ഭരണകൂടം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെന്നാണ് വിവരം. പിടിയിലായ 25 പേർക്ക് പുറമെ 27 പേ‌ർ കൂടി നിരീക്ഷണത്തിലാണ്.