നോ പ്രഷർ, നോ ടെൻഷൻ.
കാഞ്ഞിരപ്പള്ളി . മോളേ എന്തിനാ ഇങ്ങനെ ടെൻഷനടിക്കണേ.പ്രഷറൊക്കെ നോർമ്മലാണ്. ധൈര്യമായി ചുവട് വച്ചോളൂ. കലോത്സവ വേദിയിൽ കുട്ടികൾക്ക് ആത്മധൈര്യവുമായി ആരോഗ്യപ്രവർത്തകരുള്ളപ്പോൾ പിന്നെന്തിന് പേടിക്കണം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് ഗീതയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓരോ വേദിയിലുമെത്തി മത്സരാർത്ഥികളായ കുട്ടികളുടെ ആരോഗ്യനില പിശോധിക്കുന്നത്. മത്സരത്തിനു മുമ്പും പിന്നീട് ഫലം വരുന്നതുവരെയും കുട്ടികൾ നേരിടുന്ന മാനസിക സംഘർഷം കുറയ്ക്കുകയാണ് ലക്ഷ്യം. പെട്ടെന്നുണ്ടാകുന്ന അസുഖങ്ങൾക്ക് പ്രാഥമിക ചികിത്സ നൽകും. ആവശ്യമെങ്കിൽ ആശുപത്രിയിലെത്തിച്ച് ചികിത്സിക്കും. ഡോക്ടറുടെ സേവനം ആവശ്യമെങ്കിൽ ജനറൽ ആശുപത്രിയിൽ അറിയിച്ചാൽ മിനിട്ടുകൾക്കുള്ളിൽ ഡോക്ടർ എത്തും. നഴ്‌സിംഗ് അസിസ്റ്റന്റ്,സ്റ്റാഫ് നഴ്‌സ്,ആംബുലൻസ് ഡ്രൈവർ എന്നിവർ മുഴുവൻ സമയവും കലോത്സവനഗറിൽ ഉണ്ടായിരിക്കും.