ബൈക്കിന് പിന്നിൽ കയറ്റാത്തതിൽ പ്രതികാര നടപടി; 15 ദിവസം മുൻപ് വാങ്ങിയ ബൈക്ക് അഗ്നിക്കിരയാക്കി, യുവാവിനെതിരെ പരാതി

Thursday 08 December 2022 9:36 PM IST

വർക്കല: ബൈക്കിന് പുറകിൽ കയറാൻ അനുവദിക്കാത്തതിൽ പ്രതികാരമായി ബൈക്ക് കത്തിച്ച കേസിൽ യുവാവിനെതിരെ വർക്കല പൊലീസ് കേസെടുത്തു. 15 ദിവസം മുൻപ് വാങ്ങിയ വിനീത് എന്ന യുവാവിന്റെ ബൈക്കിനെ പില്ലാന്നികോട് സ്വദേശിയും അയൽവാസിയുമായ നിഷാന്താണ് തീയിട്ട് നശിപ്പിച്ചത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ ഉടനെ തന്നെ പിടികൂടാനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി വിനീത് വീടിനടുത്ത് വെച്ച് നിഷാന്തുമായി സംസാരിച്ചിരിക്കവേ സഹോദരിയുടെ വീട്ടിൽ ബൈക്കിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിനീത് ഇത് നിരസിച്ചതിന് പിന്നാലെ നിഷാന്ത് ബൈക്ക് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റവുമുണ്ടായി. പുലർച്ചെ ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വിനീതും വീട്ടുകാരും ബൈക്ക് അഗ്നിക്കിരയായ കാര്യം അറിയുന്നത്. ഉടനെ തന്നെ തീകെടുത്താൻ ശ്രമിച്ചെങ്കിലും വണ്ടി പൂർണമായും കത്തി നശിച്ചു. തീ പടർന്ന് വീടിന്റെ തകരഷീറ്റ് കൊണ്ടുള്ള മേൽക്കൂരയ്ക്കും വയറിംഗിനും കേടുപാടുകൾ സംഭവിച്ചിരുന്നു. ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതാണ് പരാതിയിൽ പറയുന്നത്.