പെറു പ്രസിഡന്റിനെ പുറത്താക്കി പുതിയ പ്രസിഡന്റ് അധികാരമേറ്റു

Friday 09 December 2022 1:46 AM IST

ലിമ: തെക്കേ അമേരിക്കൻ രാജ്യം പെറുവിൽ പാർലമെന്റ് പിരിച്ചുവിടാൻ ശ്രമിച്ച പ്രസിഡന്റ് പെഡ്രോ കാസ്റ്റില്ലോയെ എം.പിമാർ ഇംപീച്ച്മെന്റിലൂടെ പുറത്താക്കി . പിന്നാലെ വൈസ് പ്രസിഡന്റ് ഡിന ബൊളുവാർട്ടെ പ്രസിഡന്റായി ചുമതലയേറ്റു. പെറുവിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാണ് ഡിന. 2026 ജൂലായ് വരെ ഡിന പദവിയിൽ തുടരും.

തനിക്കെതിരെയുള്ള ഇംപീച്ച്മെന്റ് ശ്രമത്തെ അട്ടിമറിക്കാനായിരുന്നു പെഡ്രോയുടെ ശ്രമം. രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ച പെഡ്രോ പ്രതിപക്ഷ നിയന്ത്രണത്തിലുള്ള കോൺഗ്രസ് പിരിച്ചുവിടുമെന്നും അടിയന്തര സർക്കാർ രൂപീകരിക്കുമെന്നും അറിയിച്ചു. ഇതോടെ രാജ്യ വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും നിരവധി മന്ത്രിമാർ രാജിവയ്ക്കുകയും ചെയ്തു.

പിന്നാലെ കോൺഗ്രസ് അംഗങ്ങൾ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കുകയായിരുന്നു.നിരവധി അഴിമതി ആരോപണങ്ങൾ പെഡ്രോക്കെതിരെയുണ്ട്. ബുധനാഴ്ച പെഡ്രോയെ നാഷണൽ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് കേസന്വേഷണങ്ങൾ നേരിടുന്ന പെഡ്രോ ഇതുവരെ അഞ്ച് തവണ കാബിനറ്റ് പുനഃസംഘടന നടത്തിയിട്ടുണ്ട്. കോൺഗ്രസിലെ 101 പേർ ഇംപീച്ച്മെന്റിന് അനുകൂല വോട്ട് രേഖപ്പെടുത്തിയപ്പോൾ ആറ് പേർ മാത്രമാണ് എതിർത്തത്. 10 പേർ വിട്ടുനിന്നു. 2021 ജൂലായിൽ അധികാരമേറ്റതിന് പിന്നാലെ ഇത് മൂന്നാം തവണയാണ് പെഡ്രോക്കെതിരെ ഇംപീച്ച്‌മെന്റ് നടപടി സ്വീകരിക്കുന്നത്. നേരത്തെ നടന്ന രണ്ടെണ്ണം പരാജയപ്പെട്ടിരുന്നു.

പെറുവിലെ ഭരണഘടന പ്രകാരം പ്രസിഡന്റിനെതിരെ നിയമപരമായ ആരോപണങ്ങൾക്ക് പുറമേ രാഷ്ട്രീയ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഇംപീച്ച് നടപടികൾ കൊണ്ടുവരാനും അനുമതിയുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി പെറുവിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. 2020ൽ അഞ്ച് ദിവസത്തെ ഇടവേളയിൽ പെറുവിൽ മൂന്ന് പ്രസിഡന്റുമാരാണുണ്ടായത്. 2016 ന് ശേഷമുള്ള ആറാമത്തെ പ്രസിഡന്റാണ് ഡിന.