ലോകത്തെ ശക്തരായ വനിതകളിൽ വീണ്ടും നിർമ്മല
ന്യൂയോർക്ക് : ഫോബ്സ് മാഗസിന്റെ ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ തുടർച്ചയായ നാലാം തവണയും ഇടം നേടി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. 36ാം സ്ഥാനത്താണ് നിർമ്മല. 2021ൽ 37ാം സ്ഥാനത്തായിരുന്നു.
എച്ച്.സി.എൽ ടെക് ചെയർപേഴ്സൺ റോഷ്‌നി നാടാർ മൽഹോത്ര, സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച്, സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യ ചെയർപേഴ്സൺ സോമ മൊണ്ടൽ , ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർഷാ, നൈക സ്ഥാപക ഫാൽഗുനി നയ്യാർ എന്നിവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് ആണ് രണ്ടാം സ്ഥാനത്ത്.യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസാണ് മൂന്നാമത്.
100ാം സ്ഥാനം മരണാനന്തര അംഗീകാരമായി ഇറാനിൽ ഹിജാബ് ധരിച്ചില്ലെന്ന പേരിൽ അറസ്റ്റിലായി സദാചാര പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച മഹ്സ അമിനിക്ക് നൽകി. മഹ്സയുടെ മരണത്തോടെയാണ് ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
മസ്കിന്റെ സിംഹാസനത്തിന് നേരിയ ചലനം!
14 മാസം മുമ്പാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക് ലോക കോടീശ്വരൻമാരിൽ ഒന്നാമനായത്. എന്നാൽ ഇന്നലെ അല്പ നേരത്തേക്ക് മസ്കിന് ഈ കിരീടം നഷ്ടമായി. ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 9.20ന് ഓഹരി വിപണിയിലുണ്ടായ ഏറ്റക്കുറച്ചിലിന്റെ ഫലമായി മസ്കിനെ പിന്തള്ളി 185.4 ബില്യൺ ഡോളർ ആസ്തിയോടെ ആഡംബര ഫാഷൻ ബ്രാൻഡായ ലൂയി വിറ്റണിന്റെ സി.ഇ.ഒ ബെർനാർഡ് ആർനോൾട്ട് ഒന്നാമതെത്തുകയായിരുന്നെന്ന് ഫോബ്സ് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു.
185.3 ബില്യൺ ഡോളറായിരുന്നു മസ്കിന്റെ ആസ്തി. എന്നാൽ രാത്രി 11 ഓടെ മസ്ക് വീണ്ടും സ്ഥാനം തിരിച്ചുപിടിച്ചു. പിന്നാലെ ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 2 മണിക്ക് 184.7 ബില്യൺ ഡോളർ ആസ്തിയുമായി ആർനോൾട്ട് വീണ്ടും മുന്നിലെത്തി. മസ്കിന് 184.6 ബില്യൺ ഡോളറായിരുന്നു അന്നേരം ആസ്തി. പുലർച്ചെ 2.30ന് യു.എസ് മാർക്കറ്റ് വിനിമയം അവസാനിച്ചതോടെ 185.4 ബില്യൺ ഡോളറോടെ മസ്ക് വീണ്ടും ഒന്നാം സ്ഥാനത്തെത്തി.