സൗദിയിൽ ഷീയ്ക്ക് ഊഷ്മള വരവേൽപ്
Friday 09 December 2022 1:03 AM IST
റിയാദ് : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന് സൗദി അറേബ്യയിൽ ഊഷ്മള വരവേൽപ്പ്. യു.എസ് - സൗദി ബന്ധത്തിൽ വിള്ളലുകൾ ഉടലെടുത്ത പശ്ചാത്തലത്തിലാണ് ഷീയുടെ സൗദി സന്ദർശനമെന്നത് ശ്രദ്ധേയമാണ്. ബുധനാഴ്ച സൗദിയിലെത്തിയ ഷീ ഇന്നലെ റിയാദിൽ വച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. അൽ - യമാമ കൊട്ടാരത്തിൽ ഷീയ്ക്കായി ഗംഭീര സ്വീകരണമാണ് സൽമാൻ ഒരുക്കിയത്. ഹരിത ഊർജം, ഐ.ടി, ഗതാഗതം, വ്യവസായം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങൾക്ക് സൗദി, ചൈനീസ് കമ്പനികൾ തമ്മിൽ 34 കരാറുകളിൽ ഒപ്പിട്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കരാറുകളുടെ മൂല്യം എത്രയെന്ന് വ്യക്തമല്ലെങ്കിലും 3,000 കോടി ഡോളറിന്റെ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പിടുമെന്നായിരുന്നു റിപ്പോർട്ട്.