ഗുജറാത്ത്:മുൻപേ തോൽവി സമ്മതിച്ച് കോൺഗ്രസ്

Friday 09 December 2022 4:44 AM IST

ഭാരത് ജോഡോ യാത്രയ്‌ക്ക് വിമർശനം

ന്യൂഡൽഹി: ബി.ജെ.പിക്ക് വൻമുന്നേറ്റമുണ്ടാകുമെന്ന സൂചനകളെ തുടർന്ന് ഗുജറാത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിന് മുൻപേ തന്നെ പരാജയം സമ്മതിച്ചുവോ. സംസ്ഥാനത്തെ പാർട്ടിയുടെ തണുപ്പൻ പ്രചാരണം അതു ശരിവയ്ക്കുന്നതാണെന്ന് പാർട്ടിയിൽ തന്നെ വിമർശനമുയരുന്നു. ഭാരത് ജോഡോ യാത്രയുടെ പേരിൽ പ്രധാന തിരഞ്ഞെടുപ്പുകളെ അവഗണിച്ചെന്നും ആക്ഷേപമുണ്ട്.

ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധി ഹിമാചൽ പ്രദേശ് പ്രചാരണത്തിൽ നിന്ന് പൂർണമായും വിട്ടു നിന്നിരുന്നു. ഇത് വൻ വിമർശനത്തിന് ഇടയാക്കിയതോടെയാണ് ഗുജറാത്തിൽ സൂററ്റിലും രാജ്‌കോട്ടിലും രണ്ടു റാലിയിൽ പങ്കെടുത്തത്. 2017ൽ രാഹുലിന്റെ 30ലേറെ റാലികളടക്കമുള്ള മെഗാപ്രചരണം 77 സീറ്റുകൾ നേടാനും ബി.ജെ.പിയെ 99ൽ ഒതുക്കാനും സഹായിച്ചു.

2017ൽ സീറ്റുകൾ കുറഞ്ഞതിനാൽ ബി.ജെ.പി 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബൂത്തു തലം മുതൽ ശക്തമായി പ്രവർത്തിച്ചിരുന്നു. പഞ്ചാബിൽ അധികാരമേറ്റ ആംആദ്‌മിയും ഗുജറാത്തിൽ കേന്ദ്രീകരിച്ചു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോഴേക്കും ബി.ജെ.പിയും ആംആദ്‌മിയും പ്രചാരണത്തിൽ ഏറെ മുന്നേറി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കാനാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടിയതെന്ന് വരെ ആരോപണം ഉയർന്നു.

ഈ സമയത്തെല്ലാം കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലും ഭാരത് ജോഡോയാത്രയുടെ സംഘാടന തിരക്കിലുമായിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിനെ ഭാരത് ജോഡോ യാത്രാ റൂട്ടിൽ ഉൾപ്പെടുത്തിയതുമില്ല. മഹാരാഷ്‌ട്രയിൽ നിന്ന് ഗുജറാത്തിലേക്ക് വരാതെ മധ്യപ്രദേശിലേക്കാണ് രാഹുൽ മാർച്ച് ചെയ്‌തത്. ഭാരത് ജോഡോ യാത്രയെ ഗുജറാത്തിൽ പ്രചാരണത്തിൽ ഉപയോഗിക്കാനുള്ള അവസരം അങ്ങനെ പാഴാക്കി.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് കോൺഗ്രസ് ക്യാമ്പ് ഉണർന്നതു തന്നെ. എങ്കിലും റാലികൾ പോലുള്ള പൊതുപരിപാടികൾ കുറവായിരുന്നു. പഞ്ചായത്ത് തലത്തിൽ ബൂത്തു തല പ്രവർത്തനങ്ങളിലായിരുന്നു ശ്രദ്ധ. രാഹുൽ വിട്ടു നിന്ന ഹിമാചലിൽ എട്ടോളം റാലികളിലും പൊതുപരിപാടികളിലും നിറഞ്ഞു നിന്ന പ്രിയങ്കാ ഗാന്ധി ഒറ്റയ്‌ക്ക് പ്രചാരണം നയിച്ചാണ് പാർട്ടിക്ക് ഭരണം വീണ്ടെടുക്കാൻ സഹായിച്ചത്.

രാഹുൽ റാലി നടത്തിയ രാജ്കോട്ടിലും സൂററ്റിലും പരമ്പരാഗത സീറ്റുകൾ പോലും നഷ്‌ടമായി. ഗ്രാമീണ മേഖലകളിലെ 90ഓളം സീറ്റുകളിൽ 90ഉം ബി.ജെ.പി പിടിച്ചെടുത്തപ്പോൾ കോൺഗ്രസ് പത്തിലൊതുങ്ങി.

കോൺഗ്രസിന്റെ തണുപ്പൻ പ്രചാരണം പരമ്പരാഗതമായി വിശ്വസിച്ചിരുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ അടക്കം നിരാശപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾ വിട്ടു നിന്നതാണ് പോളിംഗ് ശതമാനം കുറച്ചതെന്നും സൂചനയുണ്ട്. ചെയ്‌ത വോട്ടുകൾ ആംആദ്‌മി പാർട്ടിക്കും അസസുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിനുമിടയിൽ വീതിക്കപ്പെട്ടു. 2017ൽ 41ശതമാനം വോട്ടു നേടിയ പാർട്ടിക്ക് ഇക്കുറി ലഭിച്ചത് 27ശതമാനം മാത്രം.

ദേശീയതലത്തിൽ നിന്ന് വൻ പ്രചാരണ സഹായമില്ലാതിരിക്കുകയും മാധവ് സിംഗ് സോളങ്കിയെയും അഹമ്മദ് പട്ടേലിനെയും പോലുള്ള സംസ്ഥാന നേതാക്കളുടെ അസാന്നിധ്യവും കോൺഗ്രസിന് തിരിച്ചടിയായി. സംസ്ഥാനത്ത് ഏറെ സ്വാധീനമുണ്ടായിരുന്ന അഹമ്മദ് പട്ടേലിന്റെ അസാന്നിധ്യത്തിൽ രണ്ടാം തലമുറയെ വാർത്തെടുക്കാനുള്ള ശ്രമങ്ങളുമുണ്ടായില്ല. പട്ടേദാർ നേതാവ് ഹാർദിക് പട്ടേൽ ബി.ജെ.പിയിലേക്ക് പോയതും തിരിച്ചടിയായി. വൈകിയെത്തിയ പുതിയ അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയ്‌ക്കും ഗുജറാത്തിൽ വലുതായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ മാത്രം തിരഞ്ഞെടുക്കാനുള്ള രമേശ് ചെന്നിത്തല അദ്ധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റിയുടെ കർശന നടപടികൾ കൂടി ഇല്ലായിരുന്നെങ്കിൽ ഗുജറാത്ത് കോൺഗ്രസിന് ഇതിലും വലിയ ദുരന്തമാകുമായിരുന്നു.