ആശ്വാസ വിജയത്തിന്റെ ക്രെഡിറ്റുമായി പ്രിയങ്ക

Friday 09 December 2022 4:50 AM IST

ന്യൂഡൽഹി:ഹിമാചൽ പ്രദേശിലെ ആശ്വാസ വിജയത്തിന്റെ ക്രെഡിറ്റ് പ്രിയങ്ക ഗാന്ധിക്കെന്ന് പാർട്ടി. പ്രിയങ്ക നേതൃത്വം നൽകിയ പരിവർത്തൻ പ്രതിജ്ഞ വോട്ടർമാർ ഏറ്റെടുത്തതായി പാർട്ടി വൃത്തങ്ങൾ പറയുന്നു.

യു.പിയിൽ തിരഞ്ഞെടുപ്പ് നയിച്ച് നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ മോശം പ്രതിച്ഛായയിൽ നിന്ന് മുക്തയാകാനും പ്രിയങ്കയ്ക്കായി. സഹോദരൻ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ തിരക്കിലും മാതാവ് സോണിയ വിശ്രമത്തിലുമായപ്പോൾ ഹിമാചലിൽ പടനയിച്ചത് പ്രിയങ്കയായിരുന്നു. തിരഞ്ഞെടുപ്പ് റാലികളിലും ഗൃഹസന്ദർശനങ്ങളിലും വരെ പ്രിയങ്ക പ്രവർത്തകരോടൊപ്പം നിന്നു. മാറ്റത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യവുമായി പരിവർത്തൻ പ്രതിജ്ഞ എന്ന പേരിൽ പ്രിയങ്ക നടത്തിയ യാത്ര ഹിമാചലിൽ കോൺഗ്രസിന് അനുകൂല വികാരം സൃഷ്ടിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. ഒരു ലക്ഷം പേർക്ക് സർക്കാർ ജോലി, ഓൾഡ് പെൻഷൻ പദ്ധതി തിരിച്ചു കൊണ്ടു വരുമെന്ന വാഗ്ദാനം, വനിത വോട്ടർമാർ കൂടുതലുള്ള 42 മണ്ഡലങ്ങളിൽ ലക്ഷ്മി യോജന പദ്ധതി പ്രഖ്യാപനം, വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരായ പ്രചരണം, ഭരണകക്ഷിയായ ബി.ജെ.പിയിലെ അധികാര തർക്കവും പടലപിണക്കങ്ങളും തുടങ്ങിയ ഘടകങ്ങളാണ് കോൺഗ്രസിന് വിജയക്കുതിപ്പേകിയത്. സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപയെന്ന വാഗ്ദാനമാണ് ലക്ഷ്മി യോജനയിലൂടെ പ്രിയങ്ക പ്രഖ്യാപിച്ചത്. ഒരു ലക്ഷം സർക്കാർ ജോലിക്ക് പുറമെ യുവാക്കൾക്ക് 5 ലക്ഷം തൊഴിൽ, മണ്ഡലങ്ങൾ തോറും ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ, സഞ്ചരിക്കുന്ന ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങിയ വാഗ്ദാനങ്ങളും തുണയായി.